ചൈനയിലെ ന്യുമോണിയ ഭീതി: സംസ്ഥാനങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വടക്കൻ ചൈനയിലെ കുട്ടികളിൽ ന്യൂമോണിയ വർദ്ധിക്കുന്ന റിപ്പോർട്ടുകൾക്കിടയിൽ, സംസ്ഥാന സർക്കാരുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ആശുപത്രികളിൽ മതിയായ സൌകര്യങ്ങൾ ഒരുക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

ആശുപത്രി കിടക്കകൾ, മരുന്നുകൾ, ഇൻഫ്ലുവൻസ വാക്‌സിനുകൾ, മെഡിക്കൽ ഓക്‌സിജൻ, ആന്റിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകളും റിയാക്ടറുകളും, ഓക്‌സിജന്റെ പ്രവർത്തനക്ഷമത, വെന്റിലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം കത്തിലൂടെ വ്യക്തമാക്കി.

കോവിഡ് 19 വ്യാപന സമയത്ത് പുറപ്പെടുവിച്ച മുന്‍കരുതൽ നിര്‍ദേശങ്ങള്‍ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും സര്‍ക്കാരുകള്‍ പാലിക്കേണ്ടത്. കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രൊജക്റ്റ് യൂണിറ്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രോഗലക്ഷണം പ്രകടമാക്കുന്ന രോഗികളുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്. ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസര്‍ച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

More Stories from this section

family-dental
witywide