പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം; 100 പേര്‍ അറസ്റ്റില്‍

ലഹോര്‍: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ച സംഭവത്തില്‍ നൂറിലേറെ പേര്‍ അറസ്റ്റിലായി. 25 ക്രിസ്ത്യന്‍ പള്ളികള്‍ക്കും 35 വീടുകള്‍ക്കും നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. തീവ്രവാദം, മതനിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി 600 പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം പാക്കിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണമാവുകയാണ്. കാവല്‍ മന്ത്രിസഭയുടെ കാലാവധി 90 ദിവസം ആയിരിക്കെ പുതിയ മണ്ഡല പുനര്‍നിര്‍ണയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതമങ്ങി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടകരായി മൂന്നുപേരും 16 പുതിയ മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. തിഹാര്‍ ജയിലില്‍ കഴിയുന്ന വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ഭാര്യ മുഷാല്‍ ഹുസൈന്‍ മാലിക്കാണ് ഉപദേശകരില്‍ ഒരാള്‍. മണ്ഡലപുനര്‍നിര്‍ണയം ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. തിരഞ്ഞെടുപ്പ് വൈകും തോറും പട്ടാളം പിടിമുറുക്കാനുള്ള സാധ്യത കൂടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.