‘തൃശൂര്‍ വിട്ടു പോയില്ലെങ്കില്‍ വിവരമറിയും’: സംവിധായകന്‍ വേണുവിന് ഫോണിലൂടെ ഭീഷണി സന്ദേശം

തൃശൂര്‍: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന് നേരെ ഗുണ്ടാ ഭീഷണി. നിലവില്‍ തൃശ്ശൂരിലുള്ള വേണുവിനെ ഫോണില്‍ വിളിച്ച് ‘തൃശൂര്‍ വിട്ടു പോയില്ലെങ്കില്‍ വിവരമറിയും എന്നാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വേണു ഇപ്പോള്‍ തൃശ്ശൂരിലുള്ളത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉടന്‍ തൃശൂര്‍ വീട്ടുപോകണമെന്നും ഇല്ലെങ്കില്‍ വിവരം അറിയും എന്നുമായിരുന്നു ഭീഷണി.

സംഭവത്തില്‍ വേണു പൊലീസില്‍ പരാതി നല്‍കി. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയ സമയത്ത് ഹോട്ടലിലേക്ക് വന്ന ഫോണ്‍ കോളുകളുടെ നമ്പറുകള്‍ പൊലീസിനു നല്‍കിയിട്ടുണ്ട്. നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് വേണു ഇപ്പോള്‍.