ലക്ഷദ്വീപിൽ ജനവിരുദ്ധ പരിഷ്കാരം; സ്കൂൾ യൂണിഫോമിൽ നിന്ന് ഹിജാബിന് വിലക്ക്

കൊച്ചി: ലക്ഷദ്വീപിൽ സ്കൂൾ യൂണിഫോമിൽ സമ​ഗ്ര മാറ്റം വരുത്തിയുള്ള ഉത്തരവ് വിവാദത്തിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് പെൺകുട്ടികൾക്ക് പാവാടയും ഷോർട് സ്ലീവ് ഷർട്ടുമാണ് ഏകീകൃത യൂണിഫോം. ബെൽറ്റ്, ടൈ, ഷൂസ് എന്നിവയെക്കുറിച്ചൊക്കെ കൃത്യമായി പ്രതിപാദിക്കുന്ന ഉത്തരവിൽ ഹിജാബിനെക്കുറിച്ച് പരാമർശമില്ല.

ഉത്തരവിൽ പറയാത്ത ഒരുവസ്ത്രവും യൂണിഫോമിനൊപ്പം ധരിക്കുന്നില്ലെന്ന്‌ സ്കൂൾ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും ഉറപ്പാക്കണമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം വിദ്യാഭ്യാസ ഡയറക്ടർ വ്യാഴാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഇന്നലെയാണ് സർക്കുലർ ലഭിച്ചത്. വിദ്യാർത്ഥികളുടെ യൂണിഫോമിൽ ഏകീകരണം ഉറപ്പാക്കുമെന്നും വിദ്യാർത്ഥികളിൽ അച്ചടക്ക മനോഭാവം വളർത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യൂണിഫോമിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം കൃത്യമായ അജണ്ടയോടെയാണെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്‌കാർഫോ ഹിജാബോ ധരിക്കുന്നതിന് സമ്പൂർണ നിരോധനമുണ്ടെന്നും ഫൈസൽ പറഞ്ഞു.

“സ്‌കാർഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമർശമില്ല. ഇത് ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. ഞങ്ങൾ ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും,” ഫൈസൽ പറഞ്ഞു.