
ന്യൂയോര്‍ക്: ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണത്തെ പരാമര്‍ശിച്ച് ‘ഹിറ്റ്‌ലര്‍ ജൂതരെ കൊന്നൊടുക്കിയതില്‍ അത്ഭുതമില്ല’എന്നയര്‍ത്ഥത്തില്‍ ഇസ്രയേലിനെ പരാമര്‍ശിച്ച് വിദ്വേഷ പോസ്റ്റിട്ട ബാങ്ക് ജീവനക്കാരിയെ പിരിച്ചു വിട്ടു. ന്യൂയോര്‍ക്ക് സിറ്റി ബാങ്കിലെ ജീവനക്കാരി നൊസിമ ഹുസൈനോവയെ ആണ് പോസ്റ്റ് വിവാദമായതിനു പിന്നാലെ അധികൃതര്‍ പിരിച്ചുവിട്ടത്.
ഗാസ്സ ആശുപത്രിയിലെ ഇസ്രയേലിന്റെ ബോംബാക്രമണത്തെ അപലപിച്ചാണ് നൊസിമ ഹുസൈനോവ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റിട്ടത്. എന്തുകൊണ്ടാണ് ഹിറ്റ്ലര്‍ ഇവരില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ആഗ്രഹിച്ചത് എന്നതില്‍ അതിശയിക്കാനില്ല എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ജൂതരെ കൊന്നു കളഞ്ഞതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല എന്നും പോസ്റ്റില്‍ പരോക്ഷമായി പരാമര്‍ശിക്കുന്നു. പോസ്റ്റ് വളരെ പെട്ടന്ന് തന്നെ എക്‌സില്‍ വൈറലായി.
നൊസിമ ഹുസൈനോവയുട പോസ്റ്റ് റീട്വീറ്റ് ചെയ്ത് പ്രതിഷേധമറിയിച്ച ആളുകള്‍ സിറ്റിബാങ്കിനെ ടാഗ് ചെയ്ത് വിയോജിപ്പറിയിക്കുകയും ചെയ്തു. പോസ്റ്റ് വിവാദമായതോടെ ബാങ്കിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഇതോടെ ജീവനക്കാരിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടെന്നും ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സിറ്റി ബാങ്ക് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയായിരുന്നു. പിന്നാലെ ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായും ഇസ്രയേലിനെതിരായ പരാമര്‍ശവും വിദ്വേഷപരമായ പരാമര്‍ശത്തെയും അപലപിക്കുന്നതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.












