വനിതാപ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറി പൊലീസ്, യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച, ഗണ്‍മാന്മാ‍ര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌.

വനിതാ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഇടപെട്ടു. പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ പോലീസ് വലിച്ചുകീറിയതായി ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്കുണ്ട്.

സെക്രട്ടേറിയറ്റിനകത്തേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ലാത്തി ചാര്‍ജ് തുടങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ കമ്പും വടിയുമായി നേരിട്ടു. പരുക്കേറ്റ വനിതാ പ്രവര്‍ത്തകരടക്കം ഉള്ളവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന്, പൊലീസ് തടഞ്ഞുവച്ചിരുന്നു വനിതാ പ്രവര്‍ത്തകരെ സതീശന്‍ സ്വന്തം വണ്ടിയില്‍ കയറ്റി ഡിസിസി ഓഫീസിലേക്ക് കൊണ്ടുപോയി.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഡിസിസി ഓഫീസില്‍ എത്തി ചെയ്യട്ടേയെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശ്വസിപ്പിച്ചു കൊണ്ടുപോയ പോലിസാണ് ഇന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോട് ഇത് ചെയ്തതെന്ന് സതീഷന്‍ പറഞ്ഞു. നവകേരള സദസ് ഇന്ന് തിരുവനന്തപുരത്ത് പ്രവേശിക്കാനിരിക്കെയാണ് വന്‍ സംഘര്‍ഷം അരങ്ങേറിയത്.

സംസ്ഥാനത്ത് തുടർച്ചയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാർച്ച്. ഉച്ചയോടെ പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റ് നടയിൽ പൊലീസ് തടഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന നേതാക്കൾക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാർച്ചിൽ അണിനിരന്നു.

Also Read

More Stories from this section

family-dental
witywide