‘കാട്ടുതീയ്ക്കും പ്രളയത്തിനും വേണ്ടിയല്ല വോട്ട് ചെയ്തത്’; ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകൾ

ന്യൂയോർക്ക് സിറ്റി: യുഎൻ ജനറൽ അസംബ്ലിക്ക് മുന്നോടിയായുള്ള കാലാവസ്ഥാ വാരത്തിന് തുടക്കമിട്ടുകൊണ്ട് ആയിരക്കണക്കിന് കാലാവസ്ഥാ ആക്ടിവിസ്റ്റുകൾ പ്രതിഷേധവുമായി ഞായറാഴ്ച മാൻഹട്ടനിലെ മിഡ്‌ടൗണിലെ തെരുവുകളിൽ നിറഞ്ഞു.

“ഫോസിൽ ഇന്ധന ഉപയോഗം അവസാനിപ്പിക്കുക”, “കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക”, “തീപിടുത്തങ്ങൾക്കും വെള്ളപ്പൊക്കത്തിനും ഞാൻ വോട്ട് ചെയ്തിട്ടില്ല” എന്നിങ്ങനെ എഴുതിയ ബോർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാർ എത്തിയത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നതിൽ തങ്ങളുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രതിഷേധക്കാർ യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും ആഗോള നേതാക്കളോടും ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തണമെന്ന് അഭ്യർത്ഥിച്ചു.

ചൊവ്വാഴ്ച ഔപചാരികമായി ആരംഭിക്കുന്ന യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ പോകുന്ന ലോകനേതാക്കളിൽ പ്രസിഡന്റ് ബൈഡനും ഉൾപ്പെടുന്നു.

“ഞങ്ങൾ ജനങ്ങളുടെ ശക്തിയാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നിങ്ങൾക്കാവശ്യമായ ശക്തി. നിങ്ങൾക്ക് 2024 ൽ വിജയിക്കണമെങ്കിൽ, എന്റെ തലമുറയുടെ രക്തം നിങ്ങളുടെ കൈകളിൽ ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുക,” ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന യുവജന പ്രതിഷേധ ഗ്രൂപ്പിലെ ബ്രൂക്ലിനിൽ നിന്നുള്ള 17 കാരിയായ എമ്മ ബുറെറ്റ പറഞ്ഞു.

700-ഓളം സംഘടനകളിൽ നിന്നും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിൽ നിന്നുമുള്ള 75,000 പേർ ഞായറാഴ്ച മാർച്ചിൽ പങ്കെടുത്തു.