അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് കേന്ദ്ര ഏജന്‍സികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സഹകരണ മേഖലയില്‍ കള്ളപ്പണമെന്ന ആക്ഷേപത്തില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് കേന്ദ്ര ഏജന്‍സികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡി വന്ന് തങ്ങളെന്തോ പുതിയത് കണ്ടെത്തിയതായി പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സഹകരണമേഖലയില്‍ എന്തൊ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നു എന്ന ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഇതില്‍ ദുരുദ്ദേശമുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുക എന്നതാണ് അത്. ഈ ഉന്നമിട്ടുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സംരക്ഷണത്തിനായി മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതി തീണ്ടാത്ത മേഖല എന്ന സല്‍പ്പേര് കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. ഏതെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. കാലം മാറിയപ്പോള്‍ ലക്ഷങ്ങളുടെ സ്ഥാനത്ത് കോടികള്‍ കൈകാര്യം ചെയ്യുന്ന നില വന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ചില സഹകാരികള്‍ തെറ്റായ രീതിയിലേക്ക് നീങ്ങുന്ന നിലയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എവിടെയെങ്കിലും തെറ്റു സംഭവിച്ചാല്‍ അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തില്‍ അഴിമതി നടന്നാല്‍ ആ മേഖലയുടെ വിശ്വാസ്യതയെ ആകെ ബാധിക്കും. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണം. അതോടൊപ്പം ഈ മേഖലയെ സംരക്ഷിക്കേണ്ട നടപടിയും ഉണ്ടാകണം. അതില്‍ നിക്ഷേപം നടത്തിയവരെ സംരക്ഷിക്കണം, സ്ഥാപനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കണം. അതാണ് നേരത്തെ മുതല്‍ സ്വീകരിച്ചു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോധപൂര്‍വം തെറ്റു ചെയ്താല്‍ അതു കണ്ടെത്താനും നടപടിയെടുക്കാനും കഴിയും. സ്ഥാപനത്തിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു പറ്റിയവരായിരിക്കണം സ്ഥാപനത്തില്‍ വരേണ്ടത്. അതിന് പ്രൊഫഷണലുകളെ വെക്കണം. അതിനെ പരാജയപ്പെടുത്താനുള്ള ഒരു നീക്കവും ഒരു ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധേിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide