എന്‍സിഇആര്‍ടി ശുപാര്‍ശ: ‘ഇന്ത്യ’ ഒഴിവാക്കുന്നതിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ പേര് ഒഴിവാക്കുന്നതിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുന്നുവെന്നും ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് ഈ പുതിയ നിര്‍ദ്ദേശങ്ങളെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കനുകൂലമായ നിലപാടുകളാണ് എന്‍സിഇആര്‍ടിയില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നത്.

സംഘപരിവാര്‍ നിര്‍മ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതില്‍ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാര്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍സിഇആര്‍ടി സമിതിയുടെ പുതിയ നിര്‍ദ്ദേശം. എന്‍സിഇആര്‍ടി സമിതി സമര്‍പ്പിച്ച പൊസിഷന്‍ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide