
കല്‍പ്പറ്റ: വയനാട് സിഎം കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകരും പ്രിന്‍സിപ്പലും തമ്മില്‍ സംഘര്‍ഷം. കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെ തുടര്‍ന്ന് കോളജ് അടപ്പിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ ഡോ. എപി ഷെരീഫ് തടഞ്ഞതോടെയാണ് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്.
അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡോ. എപി ഷെരീഫിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് കെഎസ്യു പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു പ്രിന്‍സിപ്പല്‍ എപി ഷെരീഫ് നല്‍കിയ വിശദീകരണം.
മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.













