
തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച് വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി. ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണം ലഭിച്ചാല്‍ വരുമെന്ന് അവരുടെ ഒരു നേതാവ് പരസ്യമായി പറഞ്ഞതിനാലാണ് ക്ഷണിച്ചതെന്നും അല്ലാതെ വരുമെന്ന് വ്യാമോഹമുള്ളതുകൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
”ക്ഷണിച്ചാല്‍ ഞങ്ങള്‍ പോകുമെന്ന് ഒരു കൂട്ടരുടെ നേതാവ് പരസ്യമായി പറഞ്ഞു, ക്ഷണിച്ചാല്‍ വരുമെന്നു പറഞ്ഞപ്പോള്‍ ക്ഷണിച്ചു. അല്ലാതെ ലീഗിനെ ക്ഷണിച്ചത് വ്യാമോഹമുണ്ടായിട്ടല്ല. ചിലര്‍ വിലക്കിയെന്നൊക്കെ കേള്‍ക്കുന്നു അത് അവരുടെ കാര്യം. നിസ്സഹായരായ പലസ്തീന്‍ ജനതയ്ക്കെതിരെ ഭീകരമായ അക്രമം ഇസ്രായേല്‍ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്.
എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.