രാജ്ഭവനിലേക്ക് വരുന്നില്ലെന്ന ഗവര്‍ണറുടെ വിമര്‍ശനം, നല്ല ഓര്‍മ്മപ്പിശകുണ്ടെങ്കിലേ ഇങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരുന്നില്ലെന്നും സര്‍ക്കാര്‍ സംബന്ധമായ ഒരു കാര്യങ്ങളും രാജ്ഭവനെ അറിയിക്കുന്നില്ലെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ഓര്‍മ്മപ്പിശകുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ പറയാന്‍ പറ്റൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. താന്‍ സാധാരണ എല്ലാ ചടങ്ങുകള്‍ക്കും രാജ്ഭവനില്‍ പോകുന്നതാണെന്നും രാജ്ഭവനില്‍ പോകുന്നതിന് തനിക്കെന്താണ് തടസ്സമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ അവിടെ പോയി കാണുന്നതിന് എന്താണ് പ്രശ്നം? ബില്ലുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ബില്‍ തയ്യാറാക്കിയ വകുപ്പിന്റെ മന്ത്രി ഗവര്‍ണറെ പോയി കാണുന്നതാണ് നല്ലത്. കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കാന്‍. ആ വ്യക്തത ഉണ്ടാക്കാനാണ് മന്ത്രിമാര്‍ അവിടെ പോയത്. എല്ലാം വിശദമായി സംസാരിച്ചിട്ടുണ്ട്. അത് ആ കാര്യത്തിനാണ്.

എന്നാല്‍ ഗവര്‍ണര്‍ എന്തോ ഒരു പ്രത്യേക നിലപാട് സ്വീകരിച്ച് പോകുകയാണ്. ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. സംസാരിച്ചാല്‍ തീരുന്ന പ്രശ്നമാണെങ്കില്‍ തനിക്ക് പോകുന്നതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി അതല്ല, തന്നെ കാണലും ലോഹ്യം പുതുക്കലുമാണ് ഉദ്ദേശമെങ്കില്‍ ഒരു തടസ്സവുമില്ല എപ്പോള്‍ വേണമെങ്കിലും രാജ്ഭവനില്‍ പോകാന്‍ താന്‍ സന്നദ്ധനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നത് പോലെയാണെന്നും മുഖ്യമന്ത്രി സര്‍ക്കാര്‍ സംബന്ധമായ ഒരു കാര്യങ്ങളും രാജ്ഭവനെ അറിയിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ പിണറായി വിജയന്‍ അത് ചെയ്യുന്നില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല, മുഖ്യമന്ത്രിയാണ് രാജ്ഭവനിലേക്ക് വരേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Also Read

More Stories from this section

family-dental
witywide