
ആലപ്പുഴ: വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്പീല്‍ പോകുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും എന്താണ് സംഭവിച്ചതെന്ന് ഗൗരവകരമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാന്‍ കാരണമായത്. രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങള്‍ പരിശോധിച്ചില്ലെന്നും ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി.
അതേ സമയം കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥനായ ടിഡി സുനില്‍കുമാര്‍ പറഞ്ഞു. അര്‍ജുന്‍ പ്രതിയെന്ന് തന്നെയാണ് നൂറ് ശതമാനം നിഗമനവും. വിധിയിലെ മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് വരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കും. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചിരുന്നതായും സുനില്‍കുമാര്‍ വ്യക്തമാക്കി.
കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആറ് വയസുകാരിയുടെ കുടുംബവും പ്രതികരിച്ചു. കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. കുട്ടി മരിച്ച അന്ന് തന്നെ പോലീസ് വീട്ടിലെത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തെളിവെടുപ്പിനിടയില്‍ തന്നെ പ്രതി അര്‍ജുന്‍ എല്ലാ കുറ്റവും സമ്മതിച്ചിരുന്നതായി കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍ കോടതി തെളിവുകള്‍ കാണാതെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
2021 ജൂണ്‍ 30നാണ് സംഭവം നടന്നത്. പ്രതി അര്‍ജുന്‍ അയല്‍വാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കഴുത്തില്‍ ഷാള്‍ മുറുക്കി ജനലില്‍ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിട്ടത്.















