കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമെന്ന് ഗവര്‍ണര്‍ തെളിയിച്ചു; ഗവര്‍ണറുടെ ഇഷ്ടം നോക്കിയല്ല സുരക്ഷ നല്‍കുന്നതെന്നും മുഖ്യമന്ത്രി

കേരളത്തിന്റെ ക്രമസമാധാന നില വളരെ ഭദ്രമാണെന്ന് ഗവര്‍ണര്‍ സ്വന്തം പെരുമാറ്റത്തിലൂടെ തന്നെ വ്യക്തമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണെങ്കില്‍ക്കൂടി ഗവര്‍ണര്‍ ചെയ്തത് ശരിയല്ല. ഗവര്‍ണറുടെ മിഠായിത്തെരുവിലൂടെയുളള യാത്ര ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ ചെയ്യുന്ന നടപടിയല്ല. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ചെയ്തത് അനുകരണീയ മാതൃകയല്ലെന്നും മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ തനിക്ക് സുരക്ഷ വേണ്ടെന്ന് പറഞ്ഞ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഗവര്‍ണറുടെ ഇഷ്ടം നോക്കിയല്ല സുരക്ഷ നല്‍കുന്നതെന്നും അത് നല്‍കിയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം കത്തുകൊടുത്താലും ഇല്ലെങ്കിലും സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം കേരളാ പൊലീസിനുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം വെച്ചല്ല സുരക്ഷ കൊടുക്കുന്നത്. അത് ആ സ്ഥാനത്തിനുള്ള സുരക്ഷയാണ്. ആ സുരക്ഷ നിര്‍ബന്ധമായും കൊടുത്തിരിക്കും.

ഹല്‍വ രുചി നല്ല കാര്യമാണ്. ഇത് മിഠായിത്തെരുവിന്റെ പ്രശസ്തിക്ക് ഗുണകരമാണ്. മിഠായിത്തെരുവ് നേരത്തേ തന്നെ പ്രശസ്തമാണ്. അക്കാര്യം ഗവര്‍ണര്‍ക്കും അറിവുള്ളതായിരിക്കും. അതിനാലായിരിക്കും മിഠായിത്തെരുവിലേക്ക് തന്നെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐ പ്രതിഷേധം സ്വാഭാവികമാണെന്നും അത് ജനാധിപത്യത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നിയതമായ രീതിയിലുളള പ്രകടിതരൂപങ്ങളാണ് ഇവിടെ ഉണ്ടായത്. അത് അനിയന്ത്രിതമായ കാര്യങ്ങളല്ല. അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത് പ്രതിഷേധിക്കേണ്ട കാര്യം ചെയ്തപ്പോഴാണ്.

അതിന് മറ്റ് മാനങ്ങളില്ല. അദ്ദേഹം കണ്ടതുപോലെ ഗൂണ്ടകളോ, ക്രിമിനലുകളോ തുടങ്ങിയ വിശേഷണപദങ്ങള്‍ ചേരുന്നവരല്ല ഇത് നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍, അവരുടെ മേഖലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ഗവര്‍ണര്‍ ചെയ്തപ്പോഴാണ് ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്തത്. അത് ജനാധപത്യ സംവിധാനത്തിന്റെ കരുത്തും കേരളത്തിന്റെ പ്രത്യേകതയുമാണ്’പിണറായി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide