എണ്ണിയെണ്ണി പറഞ്ഞു; കേന്ദ്രമന്ത്രിക്കെതിരെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി, ഔദാര്യം അല്ല ചോദിച്ചതെന്ന് പിണറായി

മലപ്പുറം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വസ്തുതാവിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരിക്കയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തള്ളിക്കളയുന്നുവെന്നും നവകേരള സദസിന്റെ ഭാഗമായി മലപ്പുറം തിരൂരിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി ലഭിക്കേണ്ട നികുതിവിഹിതം കിട്ടണമെന്ന ആവശ്യമേ സംസ്ഥാനം ഉന്നയിക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണക്കുകൾ നിരത്തിയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

“ജനങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടതു കിട്ടേണ്ടതുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണു വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമിച്ചപ്പോള്‍ 32,171 വീടുകള്‍ക്കു മാത്രമാണു പി.എം.എ.വൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലു ലക്ഷം നൽകുന്നുണ്ട്. പി.എം.എ.വൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണു തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പി.എം.എ.വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്കു കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്.” ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് ലക്ഷത്തിൽ ചെറിയൊരു കാശ് തരുന്നവർക്ക് പേര് വരണം എന്ന് പറയാൻ എന്ത് അർഹത എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റുകയാണെന്ന നിർമല സീതാരാമന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ക്ഷേമ പെൻഷന്‍റെ വിഹിതം കേന്ദ്രം വർഷങ്ങളായി നൽകിയില്ല. ഇപ്പോഴാണ് നൽകി തുടങ്ങിയത്. കുടിശിക കിട്ടാത്തത് കൊണ്ട് പെൻഷൻകാർക്ക് പണം കിട്ടാതെയായിട്ടില്ല. പണം അനുവദിക്കാത്തത് എന്തുകൊണ്ട് എന്നതിന് കേന്ദ്രത്തിന് മറുപടിയില്ല. 16.62 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി കേരളം മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണ് എന്നാൽ കേന്ദ്രം രണ്ട് കോടിയുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തി. ജിഎസ്ടി കണക്ക് എജി നൽകിയില്ലെന്ന വാദം യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള തന്ത്രമാണന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. യഥാസമയം ഫണ്ടുകൾ ലഭ്യമല്ലാത്തത് കൊണ്ട് കേരളം പ്രയാസം അനുഭവിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide