‘എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥ, പദപ്രയോഗം പദവിക്ക് യോജിച്ചതല്ല’; ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പ്രവര്‍ത്തികള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്ന ഗവര്‍ണരുടെ പദപ്രയോഗം പദവിക്ക് യോചിച്ചതല്ല. കേന്ദ്ര ഗവണ്‍മെന്റ് തന്നെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് ഗവര്‍ണറുള്ളത്. ഇതു പോലുള്ള ആളുകളെ ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഇങ്ങനെയൊരു ഗവര്‍ണര്‍ രാജ്യത്ത് വേറെയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ടാണ് ഗവര്‍ണര്‍ അഴിപ്പിച്ചത്. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.

സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും രാജ്ഭവന്‍ ആരോപിച്ചിരുന്നു. ക്യാമ്പസില്‍ ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Also Read

More Stories from this section

family-dental
witywide