‘പറയുന്നത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെക്കാം, ജാഗ്രത വേണം’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാമർശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ ജാഗ്രതയോടെ മാത്രമേ ഇടപെടാനാകൂ എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് വിവാദത്തെ നേരിട്ട് പരാമർശിക്കാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നുണ്ട്. ഒരു വിഭാഗം വിശ്വാസികളെ മാത്രം ഒപ്പം നിർത്തുന്ന സംഘപരിവാർ രാഷ്ട്രീയമല്ല സിപിഎമ്മിന്റേത്. എല്ലാ വിശ്വാസികളെയും സംരക്ഷിക്കുന്നതാണ് സിപിഎമ്മിന്റെ നയം. സിപിഎമ്മിനുള്ളില്‍ തന്നെ നിരവധി വിശ്വാസികളുണ്ട്. അങ്ങനെയിരിക്കെ, പ്രസ്താവനകള്‍ നടത്തുന്നവർ അത് ഇടതുപക്ഷത്തിന് ദോഷമായി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശാസ്ത്രബോധത്തെ ഉയർത്തികാട്ടാന്‍ വിശ്വാസത്തെ പോറലേല്‍പ്പിക്കണമെന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കർ എ എന്‍ ഷംസീറിന്റെ പ്രസ്താവനയെ നേരിട്ട് പരാമർശിക്കാതെയായിരുന്നു പ്രതികരണം. മിത്ത് പരാമർശം വിവാദമായതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തുന്നത്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലെ ഒരു സ്‌കൂളിൽ നടന്ന വിദ്യാജ്യോതി പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് വിവാദമായ പരാമർശങ്ങള്‍ സ്പീക്കർ എ എന്‍ ഷംസീർ നടത്തിയത്. ഹിന്ദു ആരാധന ബിംബമായ ഗണപതിയെ അടക്കം ശാസ്ത്രീയ അടിത്തറയില്ലാത്ത മിത്തുകളെന്ന് വിശേഷിപ്പിച്ച സ്പീക്കറുടെ പ്രസംഗം അടുത്ത ദിവസങ്ങളില്‍ സംഘപരിവാർ ഏറ്റെടുത്തു. മാപ്പുപറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോർച്ചയുടെ ഭീഷണി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിർന്ന നേതാക്കളായ പി ജയരാജനും, ഇപി ജയരാജനും അടക്കമുള്ളവർ ഭീഷണിയെ പ്രതിരോധിച്ച് രംഗത്തെത്തി. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന പി ജയരാജന്റെ പ്രസ്താവനയും ഇതിനിടെ വിവാദമായി. വിശ്വാസികളെ വേദനിപ്പിക്കാന്‍ ഉദേശിട്ടില്ലെന്ന് വ്യക്തമാക്കി ഒന്നിലധികം തവണ ഷംസീർ വിശദീകരണം നടത്തിയെങ്കിലും ബിജെപി ആവശ്യപ്പെട്ടതുപോലെ മാപ്പു പറയാന്‍ തയ്യാറായില്ല. ഷംസീർ മാപ്പു പറയില്ല എന്ന് തന്നെയായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും ശക്തമായ പ്രതികരണം.

അതേസമയം, സംഘപരിവാറിന് പുറമെ, എന്‍എസ്എസും പരസ്യ പ്രതിഷേധത്തിന് മുതിർന്നതോടെയാണ് വിഷയം ഗൗരവതരമായ ശ്രദ്ധ നേടിയത്. വിഷയത്തില്‍ ഷംസീർ വിശ്വാസികളോട് മാപ്പ് പറയണമെന്നും വിവാദം അവസാനിപ്പിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ നിലപാട്. അതേസമയം, സംഘപരിവാർ മുതലെടുപ്പ് തടയാന്‍ നിയമസഭയില്‍ വിഷയം ആളി കത്തിക്കേണ്ട എന്നാണ് യുഡിഎഫിന്റെ തീരുമാനം.