
വാഷിങ്ടൺ: ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രയേലിന്റെ വ്യാജ ആരോപണം ആവർത്തിച്ചതിൽ ക്ഷമ ചോദിച്ച് സിഎൻഎൻ റിപ്പോർട്ടർ. സാറ സിദ്നറാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാർത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രയേലിന്റെ വ്യാജ ആരോപണം ഇവർ ഏറ്റെടുക്കുകയായിരുന്നു.
“കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രയേൽ സർക്കാർ അറിയിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേൽ സർക്കാർ ഇന്ന് അറിയിച്ചത്. ഞാൻ എന്റെ വാക്കുകളിൽ ജാഗ്രത പുലർത്തണമായിരുന്നു,” മാധ്യമപ്രവർത്തക ട്വിറ്ററിൽ കുറിച്ചു.
ഹമാസ് ആക്രമണത്തിന് ശേഷം വടക്കൻ ഇസ്രയേലിൽ തലയറുക്കപ്പെട്ട നിലയിൽ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സിഎൻഎന്നിന്റെ വ്യാജ വാർത്ത. ഇസ്രയേൽ നൽകിയ തെറ്റായ വിവരങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജ വാർത്ത ചമച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യാജ വാർത്ത ഏറ്റുപിടിച്ചിരുന്നു. തുടർന്ന് വൈറ്റ് ഹൗസ് തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് തിരുത്തുകയായിരുന്നു. കേരളത്തിലേത് അടക്കമുള്ള ചില ഇന്ത്യൻ മാധ്യമങ്ങളും വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.