മണിപ്പൂരിന് പിന്നാലെ തീപിടിക്കുന്ന ഹരിയാന; ജി 20 നേതാക്കളെ കാത്ത് മോദിയുടെ ആധുനിക ഇന്ത്യ

ജി 20 നേതാക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കവെ, വർഗീയ സംഘർഷങ്ങളില്‍ പ്രക്ഷുബ്ദമായി ഇന്ത്യ. മണിപ്പൂർ കലാപം ആഗോളതലത്തില്‍ ചർച്ചകളില്‍ തുടരവെയാണ് തലസ്ഥാന നഗരിക്ക് സമീപം അക്രമസംഭവങ്ങള്‍ കത്തിപ്പടരുന്നത്. ഹരിയാനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നുഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച റാലിയുടെ തുടർച്ചയായി ജൂലെെ 31 മുതല്‍ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങളില്‍ മരണ സംഖ്യ ആറായി.

നൂറുകണക്കിന് ആഗോള സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുഡ്ഗാവിലെ ഫിനാന്‍സ്-ടെക് ഹബ്ബായ ഗുരുഗ്രാമിലെ നിരവധി പ്രദേശങ്ങളിലേക്ക് സംഘർഷം വ്യാപിച്ചിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് തീയിടുകയും, കടകളും റെസ്റ്റോറന്റുകളും തകർക്കുകയും ചെയ്തു. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ ആക്രമണത്തിൽ ഒരു മുസ്ലിം പുരോഹിതന്‍ കൊല്ലപ്പെട്ടു. ഹരിയാന ഹോംഗാർഡിലെ രണ്ട് പൊലീസുകാരും സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ 116 പേർ അറസ്റ്റിലായി. മേഖലയില്‍ കനത്ത നിയന്ത്രണങ്ങളോടെ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

ഇതേസമയം, രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബെെയില്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ ഒരു ആർപിഎഫ് കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് മുസ്ലിം യുവാക്കളുള്‍പ്പടെ നാലുപേർ കൊല്ലപ്പെട്ടു. ആർപിഎഫ് അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ ടിക്കാറാം മീണ, നല്ലസൊപ്പര നിവാസി അബ്ദുൾ കാദർ, ഹൈദരാബാദിൽനിന്നുള്ള സയ്യദ് സൈഫുദ്ദീൻ, ജയ്പുർ നിവാസി അസ്ഗർ അബ്ബാസ് ഷെയ്ക്ക് എന്നിവരാണ് തിങ്കളാഴ്ച ജയ്പുർ-മുംബൈ എക്സ്‌പ്രസിൽ കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകർത്തിയ വീഡിയോയില്‍ വെടിവെയ്പ്പിന് ശേഷം, ‘ഇവിടെ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ടു ചെയ്യണമെന്ന്’ യാത്രക്കാരോടായി ആർപിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ കുമാര്‍ ചൗധരി പറയുന്നത് കാണാം. നിലവില്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും, കൊലപാതകത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ മജ്‌ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി, ഇത് മുസ്‌ലിങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണെന്ന് പ്രതികരിച്ചു. തുടർച്ചയായ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ അവസാനിപ്പിക്കാൻ നരേന്ദ്ര മോദി തയ്യാറാകാത്തതിന്റെ അനന്തര ഫലമാണ് ഇത്തരം ആക്രമണങ്ങളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷ നേതാക്കള്‍ കൊലപാതകത്തെ അപലപിക്കുകയും, ‘വിദ്വേഷ കൊല’യാണെന്ന് പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ഭരണകക്ഷി സംഭവത്തില്‍ നിശബ്ദത പാലിക്കുകയാണ്.

ഒരു പതിറ്റാണ്ട് നീളുന്ന ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വ്യാപകമായ വർദ്ധനവിന്റെ തുടർച്ചയായാണ് നിലവിലെ സംഘർഷ സാഹചര്യത്തെയും നിരീക്ഷകർ വിലയിരുത്തുന്നത്. രാജ്യത്തെ കലാപസാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദത അവസാനിപ്പിക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ്, ഇൻക്ലൂസീവ് അലയൻസ്- ‘ഇന്ത്യ’ അവിശ്വാസ പ്രമേയം അടക്കമുള്ള അവസാന മാർഗങ്ങളിലേക്ക് കടക്കുന്നതാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം. അടുത്ത മാസം ജി 20 നേതാക്കള്‍ തലസ്ഥാനമെത്തുമെന്നിരിക്കെ ബിജെപിയും പ്രധാന മന്ത്രി നരേന്ദ്രമോദിയും ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുന്ന ആധുനിക ഇന്ത്യയുടെ പ്രതിച്ഛായയെ ചോദ്യം ചെയ്യുന്നതാണ് രാജ്യത്തെ പ്രക്ഷുബ്ദാവസ്ഥ.

More Stories from this section

family-dental
witywide