ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാക്കനാട് യൂറോ ഫ്‌ലൈ ഹോളിഡെയ്‌സ് ഉടമ ഒളിവില്‍

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഏജന്റ് ഒളിവില്‍. കാക്കനാടുള്ള യൂറോ ഫ്‌ലൈ ഹോളിഡെയ്‌സ് ഉടമ ഷംസീറാണ് ഒളിവില്‍ പോയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പതിനാറു പേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനാറു പേരില്‍ നിന്ന് അഞ്ച് ലക്ഷം വീതം ഇയാള്‍ വാങ്ങിയിരുന്നു. പണം നല്‍കിയവര്‍ക്ക് വിസയും ടിക്കറ്റും നല്‍കുകയും ചെയ്തു.

ടിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് വിദേശത്ത് പോകുന്നതിനായി 16 പേരും ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പല ജില്ലകളില്‍ നിന്നുളളവരില്‍ നിന്നാണ് ഷംസീര്‍ പണം തട്ടിയെടുത്തത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. നിലവില്‍ സ്ഥാപനത്തിലെ മൂന്ന് സ്റ്റാഫുകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

More Stories from this section

family-dental
witywide