ബിജെപിയുടെ വിജയത്തിൽ കെ.സുരേന്ദ്രനെക്കാൾ സന്തോഷം പിണറായി വിജയന്: വി.ഡി സതീശൻ

ഒറ്റപ്പാലം: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനേക്കാൾ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പകൽ ബിജെപി വിരോധം പറയുന്നതും രാത്രി സന്ധി ചെയ്യുന്നതുമാണ് പിണറായി വിജയന്റെ നയമെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ നയപരമായ സമീപനങ്ങളിൽ പിണറായി വിജയന്റെ ഉപദേശം വേണ്ടെന്ന് സതീശൻ പറഞ്ഞു. ഇന്ത്യ മുന്നണിയിലേക്കു പ്രതിനിധികളെ അയയ്ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതുപോലും കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ്. ബിജെപിക്കായി സംസാരിക്കുന്ന പിണറായി വിജയന്റെ ഉപദേശം കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു.

“സത്യം പറഞ്ഞാൽ ഇന്നലെ ബിജെപി നേതാവ് കെ.സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സന്തോഷത്തിന്റെ കാരണം, വടക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചതും കോൺഗ്രസ് പരാജയപ്പെട്ടതുമാണ്. എന്നിട്ട് അദ്ദേഹം കോൺഗ്രസിനെ ഉപദേശിക്കുകയാണ്. കോൺഗ്രസിന് പരാജയമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ പാർട്ടിയുടെ നയപരമായ സമീപനം സംബന്ധിച്ച് ഞങ്ങൾക്ക് പിണറായി വിജയന്റെ ഉപദേശം വേണ്ട. പകൽ ബിജെപി വിരോധം പറയുകയും, രാത്രിയാകുമ്പോൾ കേസുകളിൽനിന്ന് രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്ന പിണറായി വിജയന്റെ ഉപദേശം ദേശീയ, സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്ക് ആവശ്യമില്ല. അദ്ദേഹം സംഘപരിവാറുമായി എന്തൊരു ബന്ധമാണു പുലർത്തുന്നത്. 38–ാമത്തെ തവണയാണ് ലാവ‌്‌ലിൻ കേസ് മാറ്റിവയ്ക്കുന്നത്. എങ്ങനെയാണ് സിബിഐയേപ്പോലും നിയന്ത്രിക്കാനാകുന്ന തരത്തിൽ ആ ബന്ധം വളർന്നത്? കേരളത്തിൽ തുടങ്ങിയ എല്ലാ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം ഒരു ദിവസം മടക്കിക്കെട്ടിക്കൊണ്ടു പോയി. ഇതെല്ലാം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ്,” വി.ഡി സതീശൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കാതെ മന്ത്രിമാരെ കൂട്ടി ടൂർ പോയതിനെ അശ്ലീല നാടകം എന്ന് തന്നെ പറയുമെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രഭാവർമ്മയോട് ചോദിച്ചാൽ അശ്ലീലം എന്ന വാക്കിന്റെ മറ്റൊരു തലം മുഖ്യമന്ത്രിക്ക് മനസ്സിലാവും. ആണ്ടി വലിയ അടിക്കാരെനാണെന്ന് ആണ്ടി തന്നെ പറഞ്ഞു നടക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ കാര്യമെന്ന് വി.ഡി സതീശൻ പറഞ്ഞു.

More Stories from this section

family-dental
witywide