
കോഴിക്കോട്: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ബീച്ചില്‍ നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ഒടുവില്‍ ജില്ലാ കലക്ടറുടെ അനുമതി. ഈ മാസം 23 ന് കോഴിക്കോട് ബീച്ചില്‍ തന്നെ റാലി നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. നേരത്തെ കടപ്പുരത്ത് നവകേരള സദസ് നടക്കുന്നതിനാല്‍ അവിടെ വേദി അനുവദിക്കാനാവില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നത്. മറ്റെവിടെയെങ്കിലും റാലി നടത്താന്‍ അനുമതി നല്‍കാമെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അനുമതി നിഷേധിച്ചത് വിവാദമായതിനു പിന്നാലെ എന്തു സംഭവിച്ചാലും 23ന് കോഴിക്കോട് ബീച്ചില്‍ തന്നെ റാലി നടത്തുമെന്ന് കോണ്‍ഗ്രസ് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി റിയാസ് ഡിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയത്. കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ഫ്രീഡം സ്‌ക്വയറില്‍ നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരം നവകേരള സദസ്സ് നടത്തും. അവിടെ നിന്നും 100 മീറ്റര്‍ മാറി ബീച്ച് ആശുപത്രിക്ക് മുന്നിലുള്ള കടപ്പുറത്താണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്.