
പാലക്കാട്: ഷൊർണൂർ– കൊടുങ്ങല്ലൂർ സംസ്ഥാന ഹൈവേയുടെ ഭാഗമായ കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള റോഡിലെ രാഷ്ട്രീയ പാർട്ടികളുടെ സ്തൂപങ്ങൾ ഉൾപ്പെടെ പൊളിച്ചു നീക്കി നവീകരണം. റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കുകളും നീക്കി. വശങ്ങളിലെ കയ്യേറ്റവും ഒഴിപ്പിച്ചാണു നിർമാണ പ്രവർത്തനങ്ങൾ. ഷൊർണൂർ പൊതുവാൾ ജംക്‌ഷനിൽ സിപിഎം സ്ഥാപിച്ച വൃത്താകൃതിയിലുള്ള അരിവാൾ ചുറ്റിക നക്ഷത്രമടക്കമുള്ള നിർമിതിയും ഇന്ദിരാ– രാജീവ് സ്തൂപവും പൊളിച്ചു നീക്കിയവയിൽ ഉൾപ്പെടുന്നു.
രണ്ടിടത്തും വലിയ ഹൈമാസ്റ്റ് ലൈറ്റുകളുമുണ്ടായിരുന്നു. തൃശൂരിൽ നിന്നു ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, പാലക്കാട് റോഡ് എന്നിവ ചേരുന്ന ഭാഗത്തിനു മധ്യേയായിരുന്നു കോൺഗ്രസ് സ്ഥാപിച്ച സ്തൂപം. പൊതുവാൾ ജംക്‌ഷനിൽ മൂന്നു റോഡുകൾ കടന്നു പോകുന്നതിനു മധ്യേയായിരുന്നു സിപിഎം നിർമിച്ച സ്മാരകം. ഇവിടെയുള്ള പൊതുമരാമത്ത് ഓഫിസിന്റെ മതിലും പൊളിച്ചു നീക്കി കെട്ടിയിരുന്നു.
ഷൊർണൂർ – കൊടുങ്ങല്ലൂർ പാത നവീകരണ പദ്ധതിയുടെ ഭാഗമായി കണിമംഗലത്തു നിന്നു കൂർക്കഞ്ചേരി വരെയുള്ള റോഡിന്റെ ഒരുഭാഗം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും 5 മാസത്തിനു മുൻപു നിർമാണം നിലയ്ക്കുകയായിരുന്നു. കണിമംഗലം മേഖലയിൽ റോഡിന്റെ ഇരു വശങ്ങൾ തമ്മിൽ നാലടിയോളം ഉയരവ്യത്യാസമുള്ളത് അപകടങ്ങൾക്കിടയാക്കുമെന്നു നാട്ടുകാരും യാത്രക്കാരും പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ഇടപെട്ടില്ല.