സംസ്ഥാനത്ത് 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയതായി ധനമന്ത്രി

സംസ്ഥാനത്തെ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.കണ്ണൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ആറു ജില്ലകളിലാണ് വിവിധയിടങ്ങളില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. ഇതില്‍ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു.

രണ്ടാം ഘട്ടമായി 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കണ്ണൂരില്‍ കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം എന്നിവിടങ്ങളിലും തൃശൂരില്‍ വേലക്കുട്ടി/ആറ്റൂര്‍ ഗേറ്റ്, ഒല്ലൂര്‍ എന്നിവിടങ്ങളിലും കോഴിക്കോട് വെള്ളയില്‍, കോട്ടയത്ത് കോതനല്ലൂര്‍, കൊല്ലത്ത് ഇടകുളങ്ങര, പോളയത്തോട് എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് അഴൂരുമാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്.