
തിരുവനന്തപുരം: കോരള കോണ്‍ഗ്രസ് ( ബി)യുടെ അറിവില്ലാതെ അവരുടെ കയ്യിലുണ്ടായിരുന്ന മുന്നാക്ക കോര്‍പറേഷന്‍ അധ്യക്ഷപദവി സിപിഎം ഏറ്റെടുത്ത തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു.തങ്ങള്‍ അറിയാതെയാണ് ഇങ്ങനെയൊരു നടപടിയെന്ന് മുഖ്യമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ. ജി. പ്രേജിത്തി നെ മാറ്റി സിപിഎമ്മിന്റെ എം. രാജഗോപാലന്‍ നായരെ ചെയര്‍മാനായി നിയമിച്ചായിരുന്നു പുതിയ ഉത്തരവ് . അതാണ് മരവിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പോ അദ്ദേഹം തന്നെയോ അറിയാതെ ഇത്തരമൊരു ഉത്തരവ് ഉണ്ടാവുമോ എന്ന ചോദ്യം ഇടതുപക്ഷത്തുനിന്നു തന്നെ ഉയര്‍ന്നു വരുന്നു.
രണ്ടു ദിവസത്തിനകം പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും പ്രേംജിത്ത് തന്നെ പദവിയില്‍ തുടരുമെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫുമായ ധാരണ പ്രകാരം ആന്റണി രാജുവിനെ മാറ്റി കെ. ബി ഗണേഷ്കുമാറിനെ ഈ നവംബറില്‍ മന്ത്രിയാക്കേണ്ടതാണ്. കെ.ബി. ഗണേഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പതിവായതോടെ അദ്ദേഹത്തിനു നല്‍കിയ താക്കീതാണ് പദവി മാറ്റം എന്നു കരുതുന്നവരുണ്ട്.