
നാല് കുട്ടികളുടെ അമ്മയായ യുവതിയെ വെടിവെച്ചു കൊന്ന പ്രതിയെ അന്വേഷിച്ച് പോലീസ്. മസാച്യുസെറ്റ്സിലെ ഗാര്‍ഡ്നര്‍ സിറ്റിയില്‍ ഞായറാഴ്ചയാണ് മുപ്പതു വയസ്സുകാരിയായ ബ്രെയന്‍ പെന്നിംഗ്ടണിനെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭയന്നുപോയ കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിച്ച് അയല്‍വാസിയെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രണ്ടും അഞ്ചും ഏഴും ഒന്‍പത് വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ട യുവതിയുടെ കുട്ടികള്‍.
യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ആരോണ്‍ പെന്നിംഗ്ടണ്‍ എന്ന 33 കാരനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് വാര്‍ത്താക്കുറിപ്പുകളില്‍ അറിയിച്ചു. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ മുഖത്ത് വെടിയേറ്റ നിലയിലാണ് ബ്രയാനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ദമ്പതികള്‍ നാല് മക്കള്‍ക്കൊപ്പമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.
ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെടാനായി കുട്ടികളുമായി ടെക്‌സാസിലേക്ക് താമസം മാറാന്‍ ബ്രയാന്‍ പദ്ധതിയിട്ടിരുന്നു. എന്നാലത് നടപ്പിലാക്കാനായില്ല. പ്രതിയായ ആരോണ്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. അയാളെ കണ്ടെത്തുന്നവര്‍ അടുത്തേക്ക് പോകരുതെന്നും 911ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ കയ്യില്‍ തോക്കുള്ളതിനാല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഗാര്‍ഡ്നറിലെ ഒരു ബോയ് സ്‌കൗട്ട് ക്യാമ്പില്‍ നിന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരോണ്‍ പെന്നിംഗ്ടണ്‍ന്റെ വെള്ള 2013 ബിഎംഡബ്ല്യു പോലീസ് കണ്ടെത്തിയതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പെന്നിംഗ്ടണ്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ നാലുപേരും നിലവില്‍ സ്‌റ്റേറ്റിന്റെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണെന്ന് ടെലിഗ്രാമും ഗസറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.