
തിരുവനന്തപുരം : കേരളത്തില്‍ സർവത്ര അഴിമതിയാണെന്നും ഭരണം നിയന്ത്രിക്കുന്നതു മാഫിയകളും കോർപറേറ്റുകളുമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ. ഇങ്ങനെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു മണ്ഡലങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചിട്ടു ഒരുകാര്യവുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും. 3 ദിവസമായി നടന്ന സിപിഐ നിർവാഹക സമിതി, സംസ്ഥാന കൗൺസിൽ യോഗങ്ങളിലാണ് മുഖ്യമന്ത്രിക്ക് അടക്കം എതിരെ വിമര്‍ശനം ഉയര്‍ന്നത്.
സിപിഐ നേതൃത്വം തിരുത്തൽ ശക്തിയാകാതെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തെറ്റായ നിലപാടുകൾക്ക് അടിമപ്പെട്ടു.നേതൃത്വം ഒക്കത്തും തോളിലുമിരുത്തി പാർട്ടി മന്ത്രിമാരെ വഷളാക്കി – അംഗങ്ങൾ വിമർശിച്ചു. വൻ അകമ്പടിയോടെ സഞ്ചരിക്കുന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ രീതികൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. കമ്യൂണിസ്റ്റ് ഭരണാധികാരിക്കുവേണ്ട ലാളിത്യം മുഖ്യമന്ത്രിക്കില്ല. മണ്ഡലങ്ങളിൽ ജനസദസ്സ് നടത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതെന്തിനാണ്. ഭരണത്തിലേറ്റിയതു സാധാരണക്കാരാണ്, അവരെയാണു പരിഗണിക്കേണ്ടത്.നെല്ലു സംഭരിച്ചതിന്റെ പണം പോലും കർഷകർക്കു നൽകാതെ ജനസദസ്സ് നടത്തിയിട്ട് കാര്യമൊന്നുമില്ല.
സഹകരണബാങ്കുകളിലെ തട്ടിപ്പുകൾ സർക്കാരിനെയും മുന്നണിയെയും കാര്യമായി ബാധിക്കും. ഏതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഇടതുമുന്നണി ജയിക്കുമായിരുന്നു. ആ വിശ്വാസ്യത നഷ്ടമായി. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണത്തിൽ അദ്ദേഹത്തിന്റെ മൗനവും വിശദീകരണം തൃപ്തികരമല്ല. നാളുകളായി കാര്യമായ ജനക്ഷേമകരമായ പ്രവൃത്തികളൊന്നും നടക്കുന്നില്ല എന്നതടക്കം വിമര്‍ശനം ഉയര്‍ന്നു.
അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്കെതിരെ വിമർശനം ഉയരുന്നത് സ്വാഭാവികമെന്നു സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലെ രൂക്ഷവിമർശനങ്ങൾക്കു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. വിമർശനങ്ങളെ അദ്ദേഹം തള്ളിയില്ല; മറുപടിയും പറഞ്ഞില്ല.
‘ഇന്ന് വാഴ്ത്തിപ്പാടുന്ന പഴയ സർക്കാരുകൾക്കെതിരെയും അന്നു വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയും അനുബന്ധമായ പരിമിതികളും ഈ സർക്കാർ നേരിടുന്നുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ നിൽക്കുമ്പോൾ സിപിഐക്ക് അതിനൊപ്പം ചേരാനാകില്ല. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐക്ക് ഉപദേശിക്കാനുമാവില്ല. ബന്ധപ്പെട്ടവർ സ്വയം മനസ്സിലാക്കേണ്ട കാര്യമാണത്’ – കാനം പറഞ്ഞു














