
ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) 2020-ല്‍ തനിക്കെതിരേ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ജീവിതം വലിയ ബുദ്ധിമുട്ടിലായെന്നും പണമില്ലാത്തതിനാല്‍ മകളെ സ്‌കൂളില്‍ പോലും വിടാന്‍ കഴിഞ്ഞില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമര്‍ അക്മൽ.
“ശത്രുക്കള്‍ക്കുപോലും ഈ ഗതി വരരുതെന്നാണ് എനിക്ക് പറയാനുള്ളത്. ദൈവം മനുഷ്യരെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഏറ്റവും മോശം കാലഘട്ടത്തിലാണ് ആളുകളുടെ യഥാര്‍ഥ സ്വഭാവം മനസിലാകുക. എന്റെ മോശം സമയത്ത് കൂടെ നിന്നവരോടെല്ലാം ഒരുപാട് നന്ദിയുണ്ട്. പണമില്ലാത്തതിനാല്‍ എട്ട് മാസത്തോളം എന്റെ മകളെ സ്‌കൂളില്‍ വിടാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ഭാര്യ പിന്തുണ നല്‍കി കൂടെ നിന്നു. അന്നത്തെ അവസ്ഥയെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണ് നിറയും. എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലാണ് എന്റെ ഭാര്യ ജനിച്ചത്. എന്നിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയത്ത് അവള്‍ എന്റെ കൂടെനിന്നു. ഏത് സമയത്തും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കി. അതില്‍ എനിക്ക് അവളോട് ഒരുപാട് നന്ദിയുണ്ട്.”
പാക് ചാനലായ സമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ദുഷ്കരമായ കാലത്തെ കുറിച്ച് ഉമർ അക്മല്‍ തുറന്നു പറച്ചിൽ നടത്തിയത്. വൈകാരികമായാണ് അഭിമുഖത്തില്‍ അക്മല്‍ സംസാരിച്ചത്. പലപ്പോഴും കരച്ചില്‍ നിയന്ത്രിക്കാനായില്ല.
ടീമില്‍ അവസരം കിട്ടുകയാണെങ്കില്‍ തിരിച്ചുവരുമെന്നും ഉമർ അക്മൽ പറഞ്ഞു. അതിനായി കഠിനധ്വാനം ചെയ്യുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അക്മല്‍ പറയുന്നു.
പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിനിടെ വാതുവെയ്പ്പ് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അക്മലിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അപ്പീലിന് പോയ താരം ശിക്ഷ ഒന്നര വര്‍ഷമാക്കി കുറിച്ചു. എന്നാല്‍ പാകിസ്താന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. 2019-ലാണ് ഉമര്‍ പാക് ജഴ്‌സിയില്‍ അവസാന മത്സരം കളിച്ചത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് കഴിഞ്ഞ സീസണില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.