കാമുകനെതിരെ മൊഴി കൊടുക്കാൻ വിസമ്മതിച്ചു; എട്ട് മാസം ഗർഭിണിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി

മുസാഫർനഗർ: കാമുകൻ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു എന്ന് കോടതിയിൽ മൊഴി കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ മാതാപിതാക്കൾ എട്ടുമാസം ഗർഭിണിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പത്തൊൻപതുകാരിയായ മകൾ 2022 ഒക്ടോബറിലാണ് കാമുകനൊപ്പം ഒളിച്ചോടിയതും പിന്നീട് ഡിസംബറിൽ ഇരുവരെയും കണ്ടെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ കേസിൽ കാമുകനെതിരെ മൊഴികൊടുക്കാൻ മകൾ തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോയ്‌ല ഗ്രാമത്തിലെ നദിയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരും കുറ്റസമ്മതം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.