ഗുജറാത്തിൽ പോത്തിനെ കടത്തിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദനം. സാമൂഹിക മാധ്യമങ്ങളില്‍ വെെറലായ ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ നാലുപേർ ചേർന്ന് യുവാവിനെ വെള്ളം നിറച്ച ടാങ്കിലേക്ക് തള്ളിയിടുന്നതും, വടികളുപയോഗിച്ച് മാരകമായി മർദിക്കുന്നതും കാണാം. ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.
ജൂലൈ 22 ന് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ ആക്രമിക്കപ്പെട്ടത് ഉമദ് ഖാൻ ബലോച്ച് എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൂജറാത്തിലെ ചരോട്ടറിലേക്ക് പോത്തുകളുമായി പിക്കപ്പ് വാനിൽ പോകുന്നതിനിടെയാണ് അക്രമികള്‍ യുവാവിനെ മർദിച്ചത്. പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണെന്നാണ് വിവരം.
അതേസമയം, മനുഷ്യത്വരഹിതമായ ഇത്തരമൊരു സംഭവം നടന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളിലൊന്നിലും അത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്ന വിമർശനവുമായി മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ രംഗത്തെത്തി.
Cow vigilantes brutally thrashed Umed khan Baloch for transporting buffaloes in a pick-up van to Charotar, Gujarat, He was forced him to chant ‘Jai Shri Ram’. Incident from Gujarat, July 22. You'll hardly see any News Channel or News Anchor covering this Not so important news. pic.twitter.com/f3EHm2lNib
— Mohammed Zubair (@zoo_bear) August 4, 2023
യുവാവിന്റെ സഹോദരന്റെ പരാതിയില്‍, പ്രതികളായ അഖെരാജ്‌സിംഗ് പർബത്‌സിൻഹ് വഗേല, ചെൽസിൻഹ് സുജൻസിംഗ് സോളങ്കി, ഈശ്വരാഭായ് മുൽശങ്കരഭായ് പുരോഹിത്, മഹേന്ദ്രസിംഗ് വദൻസിംഗ് സോളങ്കി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും, ഇവർ പിന്നീട് ജാമ്യം നേടിയെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം, സംഭവം നടന്ന ഖേദ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ സംഭവം സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.