മുഹമ്മദ് മുഹസിനെതിരായ അച്ചടക്ക നടപടി സിപിഐ സംസ്ഥാന കൗൺസിലും അംഗീകരിച്ചു

പാലക്കാട് : സിപിഐക്ക് ഉള്ളിലെ വിഭാഗീയത സംബന്ധിച്ച അന്വേഷണ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹസിൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാന കൗൺസിലും അംഗീകരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിനെ ജില്ലാ കൗൺസിലിലേക്കു തരം താഴ്ത്തി നടപടിയെടുത്തിരുന്നു. ജില്ലാ, മണ്ഡലം തലങ്ങളിൽ മറ്റു 11 പേർക്കെതിരെയും നടപടിയെടുത്തു. ഒരു ജില്ലാ കൗൺസിൽ അംഗത്തെ സസ്പെൻഡ് ചെയ്തു. തൃത്താല ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. നടപടി ഏകപക്ഷീയമെന്ന് ആരേ‍ാപിച്ച്, കെ.ഇ.ഇസ്മായിലിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിൽപ്പെട്ട മണ്ഡലം, ലേ‍ാക്കൽ, ഭാരവാഹികൾ രാജിക്കത്തു നൽകിയിരുന്നു. ഇതിൽ ചിലരുടെ രാജി നേതൃത്വം അംഗീകരിച്ചു. വിഭാഗീയത തുടരുന്നുവെന്ന പേരിൽ തൃത്താല ഏരിയയ്ക്കു കീഴിലെ പട്ടിക്കര, പരുതൂർ ലേ‍ാക്കൽ കമ്മിറ്റികൾ പിരിച്ചുവിടുകയും ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾക്കെ‍ാള്ളാൻ ഒരു വിഭാഗം തയാറാകാത്തതാണു വിഭാഗീയതയ്ക്കു കാരണമെന്നു ചില നേതാക്കൾ സംസ്ഥാന കൗൺസിൽ യേ‍ാഗത്തിൽ ആരേ‍ാപിച്ചു. വ്യക്തിതാൽപര്യങ്ങൾക്കനുസരിച്ചുള്ള ചിലരുടെ പ്രവർത്തനം വിഭാഗീയത രൂക്ഷമാക്കിയെന്ന കുറ്റപ്പെടുത്തലുമുണ്ടായി. നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും എല്ലാവരെയും ഒന്നിച്ചു കെ‍ാണ്ടുപേ‍ാകാൻ ശ്രമിക്കുന്നില്ലെന്നും മറ്റു ചിലർ കുറ്റപ്പെടുത്തി. തുടർനടപടികൾ താമസിയാതെ ഉണ്ടാകുമെന്നാണു സൂചന.

More Stories from this section

family-dental
witywide