കോട്ടയം: സിപിഎമ്മിന് ഉമ്മൻ ചാണ്ടിയെ ഭയമാണെന്ന് അദ്ദേഹത്തിന്റെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടത്-വലത് സ്ഥാനാർഥികളുടെ പ്രചരണം മുറുകുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ പ്രസ്താവന.
“ഈ കഴിഞ്ഞ മുപ്പത് ദിവസം കൊണ്ട് എനിക്ക് മനസിലായ രണ്ട് കാര്യമുണ്ട്. കേരളത്തിലെ ജനങ്ങൾ, പൊതുസമൂഹം എത്രയധികം അപ്പയെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളത്, എത്രയധികം സ്നേഹിച്ചിരുന്നു എന്നുള്ളത്. അതുകൊണ്ടാണ് ഈ നിമിഷം വരെ അദ്ദേഹത്തിനോടുള്ള സ്നേഹവും കരുതലും എനിക്ക് കാണാൻ സാധിച്ചത്. രണ്ടാമത്തെ കാര്യം, എത്രയധികം സിപിഎം അദ്ദേഹത്തെ ഭയപ്പെടുന്നു എന്നുള്ളത്. അദ്ദേഹത്തിന്റെ ഫ്ലക്സിനെ പോലും ഭയപ്പെടുന്നെങ്കിൽ ഞാനെന്തു പറയാനാണ്? എനിക്ക് ഒരു അഭ്യർഥനയേ ഉള്ളൂ, ആരോടും വിരോധമില്ല, ആരോടും വിദ്വേഷമില്ല. അദ്ദേഹത്തെ ഇനിയെങ്കിലും വേട്ടയാടുന്നത് അവസാനിപ്പിക്കുക,” ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, വികസനത്തെ കുറിച്ച് ചോദിച്ചാൽ വൈകാരികത കൊണ്ടാണ് യുഡിഎഫിന്റെ മറുപടിയെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. വൈകാരികത അല്ല, ജീവത്പ്രശ്നം ആണ് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കുന്നത്. പ്രചരണത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ കൊണ്ട് വരില്ലെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്കിന്റെ മൂന്നാം അങ്കമാണിത്.
അതേസമയം, പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ജയിച്ചാലും തോറ്റാലും സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ എന്തെങ്കിലും പറഞ്ഞു മുന്നോട്ട് പോകില്ല. ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം ഉന്നയിച്ചുള്ള കെ അനിൽകുമാറിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗോവിന്ദന്റെ മറുപടി.