
ആലപ്പുഴ: പുന്നപ്ര വയലാര്‍ വാര്‍ഷികത്തിലെ ദീപശിഖാ പ്രയാണത്തില്‍ നിന്ന് അശുദ്ധിയുടെ പേരു പറഞ്ഞ് വനിതകളെ മാറ്റി നിര്‍ത്തിയെന്ന പരാതിയുമായി എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി. ദീപശിഖ ഭദ്രദീപമാണെന്നും അതുമായി ഓടുന്നതു ശുദ്ധിയോടെ ചെയ്യേണ്ട കാര്യമാണെന്നും പറഞ്ഞാണ് വനിതകളെ വിലക്കിയെന്നും സിപിഎമ്മിന്റെ ഒരു വനിതാ നേതാവാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി സുബീഷ് സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കി.
ദീപശിഖാ പ്രയാണത്തിന്റെ പുന്നപ്ര റിലേ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് സുബീഷ്. സിപിഎമ്മും സിപിഐയും ചേര്‍ന്നാണു പുന്നപ്ര വയലാര്‍ വാര്‍ഷികം ആചരിക്കുന്നത്. എഐവൈഎഫിന്റെ വനിതകള്‍ ദീപശിഖയുമായി ഓടുമെന്ന് യോഗത്തില്‍ സുബീഷ് അറിയിച്ചിരുന്നു. പക്ഷേ പ്രയാണത്തിന്റെ സമയത്തു വനിതകള്‍ക്ക് ദീപശിഖ നല്‍കാന്‍ സിപിഎം നേതാക്കള്‍ തയാറായില്ല. ഇതു കാരണം അവര്‍ കൊടി പിടിച്ച് ദീപശിഖയുടെ ഇരുവശവുമായാണ് ഓടിയതെന്നും പരാതിയില്‍ സുബീഷ് പറയുന്നു.
സിപിഎമ്മിന്റെ ഒരു വനിതാ നേതാവാണ് കര്‍ശന നിലപാട് സ്വീകരിച്ചത്. യോഗത്തിലുണ്ടായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ പോലും വനിതാ നേതാവിനെ തിരുത്തിയില്ലെന്നും സുബീഷ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ദീപശിഖയേന്തി വനിതകള്‍ ഓടിയ കാര്യം ചൂണ്ടിക്കാട്ടിയിട്ടും ആരുമത് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും സുബീഷ് പറയുന്നു. വിവേചനപരമായ തീരുമാനം എടുത്തവര്‍ക്കെതിരെ സംഘടനാ നടപടിയെടുക്കണമെന്നും സുബീഷ് പരാതിയില്‍ ആവശ്യപ്പെടുന്നു.












