സിപിഎം പ്രതിഷേധം: പേട്ട സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായ തിരുവനന്തപുരം ജില്ലയിലെ പേട്ട സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് സ്ഥലം മാറ്റം. രണ്ട് എസ്ഐമാരെയും ഒരു ഡ്രൈവറെയും സ്ഥലം മാറ്റി. എസ്ഐമാരായ എം അഭിലാഷ്, എസ് അസീം എന്നിവരെ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കും ഡ്രൈവർ മിഥുനെ എആർ ക്യാമ്പിലേക്കുമാണ് മാറ്റിയത്.

ഡിവൈഎഫ്‍വൈ പ്രവർത്തകരെ പൊലീസ് മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു ചൊവ്വാഴ്ച വൈകിട്ട് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി പ്രവ‍ർത്തകർ എത്തിയത്. പ്രവ‍ർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി തടഞ്ഞു. ഇതോടെ സ്റ്റേഷൻ പരിസരത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.

തുട‍ർന്ന് സ്റ്റേഷന് മുന്നിൽ പ്രവ‍ർത്തകർ സമരം തുടങ്ങുകയായിരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎയും സിറ്റി പോലീസ് കമ്മീഷണറും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയത്.