സോക്കർ താരത്തിന്റെ മൃതദേഹവുമായി നീന്തുന്ന മുതല; കോസ്റ്റാ റിക്കയില്‍ നിന്ന് ദാരുണ ദൃശ്യം

കോസ്റ്റാ റിക്ക: മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫുട്‌ബോള്‍ താരം ജീസസ് ആല്‍ബെര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസിന് ആദരവ് അർപ്പിച്ച് ഡിപോർട്ടീവോ റിയോ കാനസ് ക്ലബിലെ സഹതാരങ്ങള്‍. ഓർട്ടിസിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ രാജ്യമാകെ പങ്കുചേരുന്നുവെന്ന് ക്ലബ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ജന്മനാട്ടിലെത്തിച്ച ഓർട്ടിസിന്റെ മൃതദേഹത്തെ വലിയ ജനക്കൂട്ടം അനുഗമിച്ചിരുന്നു.

ജൂലൈ 29 ന് കോസ്റ്റാറിക്കയുടെ തലസ്ഥാന നഗരമായ സാൻ ജോസിൽ നിന്ന് ഏകദേശം 140 മൈൽ അകലെ കാനസ് നദിയിലാണ് ദാരുണ സംഭവം നടന്നത്. വ്യായാമത്തിന്റെ ഭാഗമായി നദിയിലേക്ക് ചാടിയ ഓർട്ടിസിനെ മുതല ആക്രമിക്കുകയായിരുന്നു. ഈ സമയം കരയിൽ ഓർട്ടിസിന്റെ സുഹൃത്തും ബന്ധുവുമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവർ വടിയും മറ്റും ഉപയോഗിച്ച് മുതലയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഓർട്ടിസിന്റെ മൃതദേഹവുമായി നദിയിലൂടെ നീന്തുകയായിരുന്നു മുതല. തുടർന്ന് സമീപത്തുണ്ടായിരുന്ന മുതലകളെ വെടിവെച്ചശേഷമാണ് യുവാവിന്റെ മൃതദേഹം വീണ്ടെടുത്തത്. അതേസമയം മുതലയുടെ ആക്രമണത്തിലാണോ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയില്‍ മുങ്ങിയാണോ ഓർട്ടിസിന്റെ മരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

29-കാരനായ ഓർട്ടിസ് അമേച്വർ ക്ലബ് ടീമായ ഡിപോർട്ടീവോ റിയോ കാനസിലെ അംഗമായിരുന്നു. കോസ്റ്റാ റിക്കൻ അസെൻസോ ലീഗിൽ ടീമിനായി മത്സരിച്ചിരുന്നു. ചുച്ചോ എന്നാണ് ടീമംഗങ്ങള്‍ക്കിടയില്‍ ഓർട്ടിസ് അറിയപ്പെടുന്നത്.