ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സായുധ സേനകളിലൊന്നായ ഇന്ത്യന്‍ സൈന്യത്തിന്റെ കീഴിൽ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് വരുന്ന 10 പട്ടാളക്കാർ കഴിഞ്ഞ 23 ദിവസത്തിനിടെ ജീവനൊടുക്കിയതായി റിപ്പോർട്ട്. ഇതോടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ ഉന്നതനേതൃത്വം തീരുമാനിച്ചതായും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സേനയിലെ സൂപ്പര്‍ വൈസിംഗ് ഓഫീസര്‍ ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് വിവരം. ന്യൂസ് 18 ആണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 194 പേരാണ് സേനയില്‍ ജീവനൊടുക്കിയത്. സിആര്‍പിഎഫിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പത്ത് പേരാണ് ഇക്കഴിഞ്ഞ 23 ദിവസത്തിനിടെ ജീവനൊടുക്കിയത്. സ്‌പെഷ്യലൈസ്ഡ് വിംഗ്, ആന്റി-നക്‌സ യൂണിറ്റ് കോബ്ര, ജമ്മു കശ്മീര്‍ യൂണിറ്റിലെ പുല്‍വാമ, ശ്രീനഗര്‍ എന്നിവിടങ്ങളിലുള്ളവര്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ്, എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ജീവനൊടുക്കിയത്. ഇന്‍സ്‌പെക്ടര്‍ റാങ്ക് മുതല്‍ കോബ്ര ഫോഴ്‌സ് റാങ്കിലുള്ളവര്‍ വരെ ജീവനൊടുക്കിയവരില്‍ ഉള്‍പ്പെടുന്നു.
ഈ വിഷയം നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചചെയ്തിരുന്നു. ഈയടുത്ത് നടന്ന ചിന്തന്‍ ശിബിറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ വിഷയത്തില്‍ ആശങ്കയറിച്ചിരുന്നു. ഇതോടെയാണ് ഇത്തരം മരണങ്ങള്‍ തടയുന്നതിന് സൂപ്പര്‍ വൈസിംഗ് ഓഫീസര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചത്.
2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018ല്‍ മാത്രം ജീവനൊടുക്കിയത് 36 ജവാന്‍മാരാണ്. 40 പട്ടാളക്കാരാണ് 2019ല്‍ ജീവനൊടുക്കിയത്. 2020 ആയപ്പോഴേക്കും ജീവനൊടുക്കിയവരുടെ എണ്ണം 54 ആയി വര്‍ധിച്ചു. 2021ല്‍ 57 പട്ടാളക്കാരാണ് ജീവനൊടുക്കിയത്. 2022ല്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 43 പേരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. ഈ വര്‍ഷം ആഗസ്റ്റ് 12 മുതല്‍ സെപ്റ്റര്‍ 4 വരെയുള്ള ദിവസങ്ങളില്‍ 10 പട്ടാളക്കാരാണ് സ്വയം ജീവനൊടുക്കിയത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സിആര്‍പിഎഫില്‍ ആത്മഹത്യ ചെയ്ത 34 മരണങ്ങളില്‍ 30% കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.