
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട് സന്ദര്‍ശിക്കാനും സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് തമിഴ്നാട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി തമിഴ്നാട്ടിലേക്ക് പോകുന്ന രാജ്‌നാഥ് സിംഗ് പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രിയെ യാത്രയില്‍ അനുഗമിക്കും.
മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും നാശം വിതച്ചതിന് രണ്ട് ദിവസത്തിന് ശേഷവും പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലാണ്.
പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതും വൈദ്യുതി തടസ്സമുണ്ടായതും ഇനിയും ചെന്നൈ നിവാസികളുടെ ജീവിതം ദുരിതമാക്കുന്നുണ്ട്.
കേബിളുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ‘പ്രതിരോധ നടപടി” എന്ന നിലയിലാണ് ചില പ്രദേശങ്ങളില്‍ വൈദ്യുതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു, അതേസമയം സാധാരണ നില പുനഃസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.