‘എല്ലാം നിയമപ്രകാരം’; നിഖിൽ ഗുപ്തയുടെ കുടുംബത്തിന്റെ ആരോപണങ്ങളിൽ ചെക്ക് ജയിൽ അധികൃതർ

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട നിഖിൽ ഗുപ്തയുടെ കുടുംബം ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് ചെക്ക് ജയിൽ അധികൃതർ. അവകാശങ്ങളുടെ ലംഘനം, കോൺസുലർ പ്രവേശനം നിഷേധിക്കൽ, പ്രാഗ് ജയിലിൽ അനുചിതമായ ഭക്ഷണക്രമം എന്നിവയാണ് കുടുംബം ചൂണ്ടിക്കാട്ടിയത്.

എല്ലാ മനുഷ്യാവകാശങ്ങളും മറ്റ് നിയമമാനദണ്ഡങ്ങളും കൃത്യമായി പിന്തുടരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു പ്രതികരണം.

ചെക്ക് റിപ്പബ്ലിക്കിന്റെ പ്രിസൺ സർവീസ്, ജയിലുകൾ കൈകാര്യം ചെയ്യുന്നതിനും ശിക്ഷാവിധി, വിചാരണയ്ക്ക് മുമ്പുള്ള തടങ്കൽ, സംരക്ഷണ തടങ്കൽ എന്നിവയ്‌ക്കും ഉത്തരവാദിത്തമുള്ള ഒരു സായുധ നിയമ നിർവ്വഹണ ഏജൻസിയാണ്.

കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിൽ, ചെക്ക് റിപ്പബ്ലിനെതിരെ രൂക്ഷമായ ആരാപണങ്ങളാണ് ഗുപ്തയുടെ കുടുംബം ഉന്നയിച്ചത്. നടപടികളിൽ ഇടപെടാൻ ഇന്ത്യൻ സർക്കാരിനോട് നിർദേശിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടായിരുന്നു ഹർജി. കൂടാതെ, ഗുപ്തയ്ക്ക് കോൺസുൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചു, കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല, സസ്യാഹാരിയായ ഗുപ്ത പലതവണ മാംസാഹാരം കഴിക്കാൻ നിർബന്ധിതനായെന്നുമെല്ലാം ഹർജിയിൽ പറയുന്നു.

ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജയിലിനകത്തും പുറത്തും പരിശോധനകൾ ഉണ്ടെന്ന് പ്രിസൺ സർവീസ് വക്താവ് ജിരി ജവാൻ പറഞ്ഞു. ഓരോന്നിനും മേൽനോട്ടം വഹിക്കുന്ന ഒരു സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഉണ്ട്, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അവർക്ക് ഉടനടി നടപടിയെടുക്കാൻ കഴിയും. മനുഷ്യത്വരഹിതമോ നിന്ദ്യമോ ആയ പെരുമാറ്റങ്ങൾ തടയാൻ ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണം ഉണ്ടെന്നും വക്താവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഗുപ്തയെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല എന്ന ആരോപണത്തോടു അദ്ദേഹം പൊതുവായ പ്രതികരണമാണ് നടത്തിയത്. ജയിലിലെ എല്ലാ അന്തേവാസികൾക്കും പുറംലോകവുമായുള്ള സമ്പർക്കത്തിന് മാർഗമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫോണിലൂടെയോ കത്തിലൂടെയോ കുടുംബാംഗങ്ങൾക്ക് ജയിലിൽ നേരിട്ടെത്തിയോ വീഡിയോ കോൾ വഴിയോ ആശയവിനിമയം നടത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുപ്തയുടെ പേരെടുത്ത് പറയാതെയാണ് പ്രതികരണം നടത്തിയത്.

ഗുപ്തയെ മാംസാഹാരം കഴിക്കാൻ നിർബന്ധിതനാക്കിയെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു.

“ജയിൽ വിചാരണ തടവുകാർക്ക് വ്യവസ്ഥകൾക്കു വിധേയമായി സ്ഥിരമായ ഭക്ഷണം നൽകും. (പോഷക) മൂല്യങ്ങൾ, അവരുടെ ആരോഗ്യസ്ഥിതി, പ്രായം, അവരുടെ സാംസ്കാരിക, മത പാരമ്പര്യങ്ങളുടെ ആവശ്യകത എന്നിവ കണക്കിലെടുത്ത്, അവരുടെ ആരോഗ്യം നിലനിർത്താൻ ഉചിതമായ ഭക്ഷണമാണ് നൽകുക. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ അവരുടെ സാംസ്കാരിക/ മതപരമായ പാരമ്പര്യങ്ങളും ശീലങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഭക്ഷണക്രമം ആവശ്യപ്പെടാൻ വിചാരണ തടവുകാരന് കഴിയും.. കൂടാതെ, തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ജയിലുകൾ പലപ്പോഴും വിവിധ ഭക്ഷണരീതികൾ പിന്തുടരാറുണ്ട്. അതിനാൽ മാംസരഹിത ഭക്ഷണക്രമം ഇവിടെ അസാധാരണമല്ല.”

More Stories from this section

family-dental
witywide