
തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു കൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. കേരള എന്‍ജിഒ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്് ഡിസംബര്‍ 11 നകം ഇക്കാര്യം അറിയിക്കണമെന്ന് സര്‍ക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത്. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കാനാണ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടിയുണ്ടായില്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.
ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള എന്‍ജിഒ അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്. കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കണമെന്നും കുടിശ്ശിക കൊടുത്തു തീര്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണങ്ങളോ ബാധകമല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.











