ദളിത് യുവാവിനൊപ്പം ഒളിച്ചോടി; 17-കാരിയെ പിതാവ് വെട്ടിക്കൊന്നു

ബെംഗളൂരു: പരപ്പന അഗ്രഹാരക്കടുത്ത് നാഗനാഥപുരയിലെ ഡോക്‌ടേഴ്‌സ് ലേഔട്ടിൽ ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ 17 കാരിയെ പിതാവ് കൊലപ്പെടുത്തി. ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഭാര്യയെയും ഭാര്യാ സഹോദരനെയും ആക്രമിച്ച മൈസൂരിലെ എച്ച്‌ഡി കോട്ടെ കാളിഹുണ്ടി സ്വദേശിയായ ഗണേശ (50) വൈകുന്നേരത്തോടെ പരപ്പന അഗ്രഹാര പോലീസിൽ കീഴടങ്ങി. പല്ലവി എന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര്. ഗണേശന്റെ ഭാര്യ ശാരദ, ശാരദയുടെ സഹോദരി ഗീതയുടെ ഭർത്താവ് ശാന്തകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ഗൗഡ സമുദായത്തിൽപ്പെട്ട പല്ലവി എച്ച്‌ഡി കോട്ടെയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു, എച്ച്‌ഡി കോട്ടെയിലെ ഒരു കടയിൽ ജോലി ചെയ്യുന്ന പട്ടികജാതിക്കാരനായ ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും.

രണ്ട് മാസം മുമ്പ് പല്ലവി കാമുകനൊപ്പം ഒളിച്ചോടി. പൊലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചു. ഗണേശ പല്ലവിയെ ഡോക്ടർ ലേഔട്ടിലെ സംരക്ഷണയിൽ വിടുകയായിരുന്നു.

ഒക്‌ടോബർ 14 ന് പല്ലവി ഗീതയുടെ വീട്ടിൽ നിന്ന് ഒളിച്ചോടി. ഒക്‌ടോബർ 18 ന് തട്ടിക്കൊണ്ടുപോയെന്ന പരാതി രജിസ്റ്റർ ചെയ്‌തു. ഒക്ടോബർ 20 ന് പൊലീസ് പല്ലവിയെ കണ്ടെത്തി ഗീതയുടെ വീട്ടിലാക്കി. ശനിയാഴ്ച രാവിലെ ഗണേശൻ വീട്ടിലെത്തി. മകൾ തന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഭാര്യ മകളെ നന്നായി നോക്കുന്നില്ല എന്നും പറഞ്ഞ് പല്ലവിയോടും ഭാര്യയോടും ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

തുടർന്ന് ഒരു വെട്ടുകത്തി എടുത്ത് ഗണേശ പല്ലവിയെ ആക്രമിക്കുകയും കഴുത്തിലും തലയിലും ഒന്നിലധികം തവണ വെട്ടുകയും ചെയ്തു. ഗണേശയെ തടയാൻ ശ്രമിച്ച ശാരദയേയും ആക്രമിച്ചതിന് ശേഷം ഇയാൾ വെട്ടുകത്തിയുമായി വീടുവിട്ടിറങ്ങി.

ഗീതയുടെ ഭർത്താവ് കുമാറുമായും ഗണേശ തർക്കത്തിൽ ഏർപ്പെട്ടു വെട്ടുകത്തി ഉപയോഗിച്ച് കുമാറിനെയും ആക്രമിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പരിക്കേറ്റവർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. ആൺകുട്ടിയുടെ ജാതിയല്ല, മകൾ പഠനത്തിൽ ശ്രദ്ധിക്കാത്തതാണ് തന്നെ അസ്വസ്ഥനാക്കിയതെന്ന് ഗണേശ പൊലീസിനോട് പറഞ്ഞു.

More Stories from this section

family-dental
witywide