
ബോളിവുഡ് ഇതിഹാസം വഹീദ റഹ്‌മാന് ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ‘ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ദാദാസാഹിബ് ഫാല്‍ക്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വഹീദ റഹ്‌മാന്‍ ജിക്ക് നല്‍കുന്നുവെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ എക്‌സ്.കോമില്‍ കുറിച്ചു. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ വഹീദ റഹ്‌മാന് ലഭിച്ചിരുന്നു.
‘ചരിത്രപരമായ സ്ത്രീ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയ ഈ സമയത്ത്, വഹീദ റഹ്‌മാന് ഈ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളും ജീവകാരുണ്യ പ്രവൃത്തികളില്‍ സജീവമായിരിക്കുകയും ചെയ്ത ഒരു വനിതയ്ക്ക് ലഭിച്ച ഉചിതമായ ആദരവാണെന്ന് താന്‍ കരുതുന്നുവെന്നും മന്ത്രി അനുരാഗ് താക്കൂര്‍ കുറിച്ചു.
ഗൈഡ്, പ്യാസ, കാഗസ് കെ ഫൂല്‍, ചൗധ്വിന്‍ കാ ചാന്ദ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് 85 കാരിയായ വഹീദ റഹ്‌മാന്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് പ്രിയപ്പെട്ടവളായത്. രേഷ്മ ഔര്‍ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ ദേവ് ആനന്ദിന്റെ ശതാബ്ദിയോടൊപ്പമാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനം നടന്നത്. വഹീദ റഹ്‌മാന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ 1965-ലെ ഗൈഡില്‍ ദേവ് ആനന്ദ് സഹനടനായിയിരുന്നു. ജീവിച്ചിരുന്നെങ്കില്‍ ദേവ് ആനന്ദിന് ഇന്ന് 100 വയസ്സ് തികയുമായിരുന്നു.
ഈ വര്‍ഷം അവസാനം നടക്കുന്ന ചടങ്ങില്‍ വഹീദ റഹ്‌മാന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഇതിനുമുന്‍പ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയത് ആശാ പരേഖായിരുന്നു.