യുപിയില്‍ നിന്ന് വീണ്ടും നടുക്കുന്ന ക്രൂരത; ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു

ബന്ദ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും നടക്കുന്ന ക്രൂരതയുടെ വാര്‍ത്ത. ദലിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അക്രമികള്‍ മൃതദേഹത്തോടും ക്രൂരത കാട്ടി. സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി മുറിച്ചു. ബന്ദയില്‍ രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ നാല്‍പ്പതുകാരിയാണ് ക്രൂരതയ്ക്കിരയായത്.

വൈകുന്നേരമായിട്ടും അമ്മയെ കാണാതായതോടെ അന്വേഷിച്ചെത്തിയ മകളാണ് ഈ ക്രൂരകൃത്യത്തിന് സാക്ഷിയായത്. സ്വന്തം അമ്മയുടെ മൂന്നായി മുറിച്ച ശരീരമാണ് മകള്‍ കണ്ടത്. ചൊവ്വാഴ്ചയാണ് നാടിനെ നടക്കിയ ക്രൂരത നടന്നത്. പീഡനത്തിനിരയായ യുവതിയുടെ ഇരുപതുകാരിയായ മകള്‍ അമ്മയെ ജോലിസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു. അന്വേഷിച്ചിട്ട് അമ്മയെ കണ്ടില്ലെന്നും ആ സമയത്ത് മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടുവെന്നും മകള്‍ പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയിരുന്നു.

പിന്നീട് കുറച്ചുകഴിഞ്ഞ് മുറി തുറന്ന നിലയില്‍ കണ്ട് അകത്തു കയറിയപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. മില്ലുടമയായ രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide