രണ്ടാം തവണയും നീറ്റ് പരീക്ഷ പാസായില്ല; ചെന്നൈയിൽ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്‌തു

ചെന്നൈ: നീറ്റ് പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് മകനും പിതാവും ജീവനൊടുക്കി. ചെന്നൈ, ക്രോംപേട്ട് സ്വദേശിയായ എസ്. ജഗദീശ്വരൻ (19), പിതാവ് പി. സെൽവശേഖർ എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. തുടർച്ചയായ രണ്ടാം തവണയും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട ജഗദീശ്വരനെ കഴിഞ്ഞ ശനിയാഴ്‌ചയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിതാവും മരിച്ചത്.

ഫോട്ടോഗ്രഫറായ പിതാവ് പി ശെല്‍വകുമാര്‍ മകന്റെ വിയോഗത്തെ തുടര്‍ന്നു കടുത്ത മനോവിഷമത്തിലായിരുന്നു. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസിൽ എ ഗ്രേഡില്‍ 85 ശതമാനം മാര്‍ക്ക് നേടിയ ജഗദീശ്വരന്‍, രണ്ടു വട്ടം എഴുതിയിട്ടും നീറ്റ് പരീക്ഷ പാസാകാന്‍ സാധിച്ചിരുന്നില്ല. വീണ്ടും പരീക്ഷയ്ക്ക് തയാറെടുക്കാനായി പിതാവ് ജഗദീശ്വരനെ അണ്ണാനഗറിലെ നീറ്റ് കോച്ചിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ ആകാന്‍ കഴിയില്ലെന്നതിന്റെ കടുത്ത മാനസിക സമ്മർദത്തിലായിരുന്ന ജഗദീശ്വരന്‍ ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജീവനൊടുക്കുകയായിരുന്നു.

അതേസമയം, നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. ജഗദീശ്വരന്റെയും പിതാവ് സെൽവശേഖറിന്റെയും വിയോഗത്തിൽ സ്റ്റാലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇതെന്നും അദ്ദേഹം പറഞ്ഞു.

“ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാൻ ഒരു വിദ്യാർഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നീറ്റ് റദ്ദാക്കും. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്,” സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പിടാന്‍ തയാറായിട്ടില്ല. നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്ന് ശനിയാഴ്ചയും ഗവർണർ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide