ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നു : ദയാനിധി മാരന്റെ പ്രസ്താവന വിവാദത്തില്‍

ചെന്നൈ : ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നുവെന്ന ഡി.എം.കെ എം.പി ദയാനിധി മാരന്റെ പ്രസ്താവന വിവാദത്തിലേക്ക്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്നാട്ടില്‍ എത്തുമ്പോള്‍ നിര്‍മാണ ജോലികളും റോഡുകളും ശൗചാലയങ്ങളും വൃത്തിയാക്കുകയും ചെയ്യുന്നുവെന്നായിരുന്നു ദയാനിധിയുടെ വിവാദ പ്രസ്താവന.

ദയാനിധിയുടെ പരാമര്‍ശത്തിന്റെ വൈറലായതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഐടി കമ്പനികളില്‍ ജോലി ചെയ്യുകയാണെന്നും ഹിന്ദി മാത്രം സംസാരിക്കുന്നവര്‍ നിസ്സാര ജോലികളാണ് ചെയ്യുന്നതെന്നും ദയാനിധി പറഞ്ഞു.
ഇംഗ്ലീഷ് പഠിച്ചവരെയും ഹിന്ദി മാത്രം അറിയുന്നവരെയും താരതമ്യപ്പെടുത്തിയായിരുന്നു ദയാനിധിയുടെ പ്രസ്താവന.

ഡിഎംകെ എംപിയുടെ പ്രസ്താവനക്കെതിരെ സംസാരിക്കാത്തതിന് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഇന്ത്യാ ബ്ലോക്ക് നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചു. മാത്രമല്ല, രാജ്യത്തെ ജനങ്ങളെ ജാതിയുടെയും ഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഇന്ത്യാ മുന്നണി ശ്രമിക്കുന്നതായി ഷെഹ്സാദ് പൂനവല്ല ആരോപിച്ചു.