
കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെടുത്തു. മൃതദേഹം അഴുകിയ നിലയിലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ. കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാടുകാണി ചുരത്തിലെത്തി തിരച്ചില്‍ നടത്തിയത്.
നവംബര്‍ ഏഴാം തീയതി മുതല്‍ സൈനബയെ കാണാനില്ലെന്ന് ഭര്‍ത്താവ് മുഹമ്മദാലി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കവര്‍ച്ചാശ്രമത്തിനിടെ താന്‍ സെനബയെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത അറിയിക്കുകയായിരുന്നു. ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നതെന്നും കാര്‍ യാത്രയ്ക്കിടെയാണ് കൊലപ്പെടുത്തിയതെന്നും യുവാവ് വെളിപ്പെടുത്തി.
കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചത്. യാത്രയ്ക്കിടെ കാറില്‍ വെച്ച് സ്വര്‍ണ്ണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും അതിനായി സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സൈനബ ധരിച്ചിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങളും കയ്യിലുണ്ടായിരുന്ന നാലുലക്ഷം രൂപയും പ്രതികള്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം സെക്യൂരിറ്റി ജീവനക്കാരനായ സൈനബയുടെ ഭര്‍ത്താവ് മുഹമ്മദലി നവംബര്‍ 7ന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചിരുന്നു. ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്. അതിനുശേഷം ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പിറ്റേന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. സൈനബയുടെ രണ്ടു ഫോണും ഇതുവരെ സ്വിച്ച് ഓഫ് ആയ നിലയിലാണ് എന്നും മുഹമ്മദാലി പറയുന്നു. ഇതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സാധാരണ സൈനബ ടൗണില്‍ പോകാറുണ്ടെന്നും എന്നാല്‍ വൈകീട്ടോടെ വീട്ടില്‍ മടങ്ങി എത്താറാണ് പതിവെന്നും മുഹമ്മദാലി വ്യക്തമാക്കി.