
തിരുവനന്തപുരം: നിരവധി കേസുകളില്‍ നിര്‍ണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണി വിഷം ഉള്ളില്‍ച്ചെന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. വിഷം ഉള്ളില്‍ ചെന്നാണ് നായ ചത്തത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ്. പൂന്തുറ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്ന കല്യാണിയെ വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാസം 20 നായിരുന്നു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ദുരുഹതകള്‍ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളില്‍ കണ്ടെത്തിയ വിഷാംശമാണ് സംശയങ്ങള്‍ക്ക് പിന്നില്‍. ഇതേത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കെ 9 സ്‌ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും അവര്‍ക്കൊന്നും പ്രശ്‌നങ്ങളില്ല. കല്യാണി കഴിച്ച ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം കലര്‍ന്നു എന്നതാണ് അന്വേഷിക്കുന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച കല്യാണി അതിനായുള്ള മരുന്നുകള്‍ കഴിച്ചിരുന്നു. ഇത് മരണകാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള കല്യാണി സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലെന്‍സ് പുരസ്‌ക്കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
ഇന്‍സ്‌പെക്റ്റര്‍ റാങ്കിലുള്ള കല്യാണിയുടെ മരണം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകും അന്വേഷിക്കുക. അതേസമയം കല്യാണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ, രണ്ട് പൊലീസുകാര്‍ എന്നിവരെ മാറ്റി നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് എസ് ഐ ഉണ്ണിത്താന്‍, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.