മരണത്തുരുത്തായി ഗാസ, മരണം 4137 കടന്നു,10 ലക്ഷം പേർക്ക് വീട് നഷ്ടപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണ സംഖ്യ 4137 ആയതായി വാർത്ത ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്തു. ഇവരിൽ 1500 പേർ കുട്ടികളാണ്. ഒറ്റ ദിവസം മാത്രം 659 പേർ കൊല്ലപ്പെട്ടുിട്ടുണ്ട്. 13000 പേർക്ക് പരുക്കേറ്റതായി പലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ഗാസയിലെ 23 ലക്ഷം ആളുകളിൽ, ഐക്യരാഷ്ട്രസഭ കണക്ക് പ്രകാരം ഗാസയിലെ പത്ത് ലക്ഷം പേർ വീടുവിട്ട് പാലായനം ചെയ്തു. വെസ്റ്റ് ബാങ്കിലും ഇസ്രയേലിൻ്റെ ലെബനൻ അതിർത്തിയിലും സ്ഥിതി വളരെ മോശമാണ്. വെസ്റ്റ് ബാങ്കിലെ ഒരു അഭയാർഥി ക്യാംപിൽ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ 5 കുട്ടികൾ അടക്കം 16 പേർ മരിച്ചു.

ലബനൻ അതിർത്തിയിലെ ഗ്രാമങ്ങളും പട്ടണങ്ങളും ഒഴിയാൻ ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് എതിരായി ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലെബനൻ വിടാൻ ഒരുപാട് രാജ്യങ്ങൾ അവരുടെ പൌരന്മാരോട് ആവശ്യപ്പെട്ടു.

വ്യോമാക്രമണത്തിൽ ഗാസയിലെ സഹറ മേഖല പൂർണമായി തകർന്നു. ഗാസയിൽ ഒരുപാട് പേർ അഭയം തേടിയിരുന്ന ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും തകർന്നു.16 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് പറയുന്നു. എത്ര പേർ മരിച്ചെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചിട്ടില്ല. ഹമാസിനു നേരെ ഉണ്ടായ ആക്രമണത്തിൽ പള്ളിയുടെ ഒരു ഭാഗം തകർന്നെന്ന് ഇസ്രയേലും വ്യക്തമാക്കി.

കരയാക്രമണത്തിന് ഒരുങ്ങിയിരിക്കാൻ ഇസ്രയേൽ പട്ടാളക്കാരോട് ഒരുങ്ങിയിരിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യയാവ് ഗാലൻ്റ് ആഹ്വാനം ചെയ്തതായി ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കയ്റോയിൽ ഇന്ന് സമാധാന ഉച്ചകോടി നടക്കും. പലസ്സീൻ പ്രസിഡൻ്റ് മഹമ്മൂദ് അബ്ബാസും യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടാറസും അടക്കം 14 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ഹമാസിനെതിരായ സൈനിക നടപടിയുടെ പേരില്‍ ഗാസയില്‍ കടന്നുകയറ്റം നടത്തുന്ന ഇസ്രയേലിനും അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന അമേരിക്കയ്ക്കുമെതിരേ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ പ്രതിഷേധവുമായി നിരവധി രാജ്യങ്ങളാണ് പ്രത്യക്ഷത്തില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിരവധി അംഗങ്ങൾ യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ മൈക്കിള്‍ ടെയ്‌ലറിനെ നേരിട്ട് പ്രതിഷേധമറിയിച്ചു.

പലസ്തീനികള്‍ക്കെതിരെ നടത്തുന്ന വംശഹത്യ കാരണം ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സ്‌പെയിനിലെ സാമൂഹ്യാവകാശ മന്ത്രിയുടെ ചുമതല വഹിക്കുന്ന അയോണ്‍ ബെലാറയും ആവശ്യപ്പെട്ടു.സ്‌പെയിനിന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സിയുടെ ഭാഗമായി മാഡ്രിഡില്‍ നടന്ന ഉന്നതതല യോഗത്തിന് മുന്നോടിയായിരുന്നു അയോണ്‍ ബലോറയുടെ പ്രതികരണം.

More Stories from this section

family-dental
witywide