ന്യൂഡല്‍ഹി: മറ്റുമതങ്ങള്‍ ചന്ദ്രനില്‍ ഉടമാവകാശം സ്ഥാപിക്കുന്നതിനു മുമ്പ് ഇന്ത്യ അവിടെ അധികാരം സ്ഥാപിച്ച് ചന്ദ്രനെ ഹിന്ദു സനാതന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ഇതു സംബന്ധിച്ച് പ്രമേയം പാസാക്കണം എന്നും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ വിഡിയോയിലൂടെ ആവശ്യപ്പെട്ടു.
“ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത ശിവശക്തി പോയിന്റ് തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം ജിഹാദി മനസ്സുള്ള ഒരു ഭീകരനും അവിടെ എത്തരുത്”. സ്വാമി ആവശ്യപ്പെടുന്നു.
2020 കൊവിഡ് മഹാമാരിയുടെ സമയത്ത് ഗോമൂത്ര പാര്‍ട്ടി നടത്തി പ്രസിദ്ധനായിരുന്നു സ്വാമി ചക്രപാണി. ഇദ്ദേഹവും അനുചരന്മാരും ഡല്‍ഹിയില്‍ നടത്തിയ ചടങ്ങില്‍ ഗോമൂത്രം കുടിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നേതാക്കള്‍ക്ക് ഇന്ത്യയില്‍നിന്ന് ഗോമൂത്രംകയറ്റി അടച്ചുകൊടുക്കണമെന്നും, ഇന്ത്യന്‍ പശുക്കളില്‍ മാത്രമാണ് ദൈവം കുടികൊള്ളുന്നതെന്നും അന്ന് സ്വാമി പറഞ്ഞത് വിവാദമായിരുന്നു,
2018 ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ബീഫ് കഴിക്കുന്നവര്‍ക്ക് ഒരു സഹായവും ചെയ്യരുതെന്നും സ്വാമി ആഹ്വാനംചെയ്തിരുന്നു.