
ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതില്‍ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍മാര്‍ക്കെതിരെ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടെന്നും ഈ ബില്ലുകളില്‍ പലതും വലിയ പൊതുതാല്‍പ്പര്യം ഉള്‍ക്കൊള്ളുന്നതാണെന്നും ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സ്ഥിരമായി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ‘അസാധാരണമായ കാരണങ്ങളാല്‍’ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പത്ത് ബില്ലുകളാണ് നവംബര്‍ 13 ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ വിശദീകരണവും സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.