ഡൽഹിയിൽ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു; സംഭവം ജി20ക്കായി സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെ

ന്യൂഡൽഹി: മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഡൽഹി ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട 38 കാരന്റെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് കൊലപാതകം.

വെള്ളിയാഴ്ച രാത്രി 11:00 ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനി ഏരിയയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫായാണ് കൊല്ലപ്പെട്ടത്. റോഡ് അരികിൽ വച്ചിരുന്ന സൈക്കിൾ എടുക്കാൻ പുറത്തേക്ക് പോയിയിരുന്നു ഹനീഫിന്റെ 14 വയസ്സുള്ള മകൻ. ഒരു സംഘം ആൺകുട്ടികൾ ബൈക്കിന് പുറത്തും ചിലർ നിലത്തും ഇരിക്കുന്നത് കുട്ടി ശ്രദ്ധിച്ചു. വഴിയിൽ നിന്ന് മാറാൻ 14 കാരൻ ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ലെന്നും ഡൽഹി പൊലീസ്.

ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിവച്ചു. ബഹളം കേട്ട് പുറത്തേക്ക് ഓടിയെത്തിയ ഹനീഫ കാണുന്നത് തന്റെ മകനെ ഒരു സംഘം ആൺകുട്ടികൾ അക്രമിക്കുന്നതാണ്. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ സംഘം ഹനീഫക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മർദിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ എയിംസ് ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജി20 ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ഈ കൊലപാതകം എന്നതും പ്രധാനമാണ്. നഗരത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്താൻ ഡോഗ് സ്ക്വാഡുകളും മൗണ്ടഡ് പൊലീസും ഉൾപ്പെടെ 50,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide